ആലപ്പുഴ: ലോഡ്ജിലെ കക്കൂസ് മുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പറക്കാനം നെല്ലിക്കുന്ന് ജോയിയുടെ മകൻ ജിനു ജെ.ജോയി (31) ആണ് മരിച്ചത്. ഒരു സ്ത്രീയ്ക്കും മൂന്ന് വയസുള്ള കുട്ടിയ്ക്കുമൊപ്പം കഴിഞ്ഞ 20നാണ് ജിനു ആലപ്പുഴയിലെ കളപ്പുരയിലുള്ള ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ രാവിലെ സ്ത്രീയും കുട്ടിയും പുറത്തേക്ക് പോയ ശേഷം മടങ്ങിയെത്തിയപ്പോൾ ജിനുവിനെ മുറിയിൽ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കക്കൂസിൽ കൈലിമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ നോർത്ത് പൊലീസ് മേൽ നടപടി സ്വീകരിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ സ്വദേശിയായ യുവതിയും കുട്ടിയും ഒന്നര വർഷമായി ജിനുവിനോടൊപ്പമായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.