
ചാരുംമൂട് : ഓട നിർമ്മാണം പൂർത്തീകരിക്കാൻ തടസമായി കെ.എസ്.ഇ.ബി ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലി. കരാറുകാർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. താമാരക്കുളം-ഓച്ചിറ റോഡിൽ താമരക്കുളം. മാർക്കറ്റിൽ നിന്നും ഇരപ്പൻ പാറയിലേക്കുള്ള ഓടയുടെ നിർമ്മാണമാണ് പൂർത്തീകരിക്കാനാവാതെ കിടക്കുന്നത്. മാർക്കറ്റിനു തെക്കുവശത്തുള്ള ട്രാൻസ്ഫോമറിന്റെ സംരക്ഷണവേലിയുടെ ഇരുവശങ്ങൾ വരെയാണ് നിർമ്മാണം നടന്നിട്ടുള്ളത്. സുരക്ഷണ വേലി ഇളക്കി മാറ്റിയാൽ ഒറ്റ ദിവസം കൊണ്ട് ഓടയുടെ രണ്ടു വശവും കൂട്ടിമുട്ടിച്ച് നിർമ്മാണം പൂർത്തീകരിക്കാനാവും. എന്നാൽ വൈദ്യുതി ബോർഡും കരാർകാരും പരസ്പരം കുറ്റപ്പെടുത്തുകയാണെന്ന് നാട്ടുകാർ പറയുന്നു. താമരക്കുളം ജംഗ്ഷൻ മുതൽ - കൊല്ലം ജില്ലയിലെ വെറ്റമുക്ക് വരെയുള്ള റോഡിന്റെ നിർമ്മാണത്തിന്റെ ഭാഗമായിട്ടായിരുന്നു ഓട നിർമ്മാണം. ഓടയിലെ വെള്ളം ഒഴുകാതെ കെട്ടിക്കിടക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഓടയോട് ചേർന്നുള്ള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർന്മാർ പറഞ്ഞു. വൈദ്യുതി ബോർഡിന്റെ പേരുപറഞ്ഞ് കരാറുകാർ സ്ഥലംവിട്ടുവെന്നാണ് ആക്ഷേപം. റോഡിന്റെ രണ്ടാം ലെയർ ടാറിംഗ് പൂർത്തീകരിക്കുന്നതിലും കരാറുകളുടെ അനാസ്ഥയുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്.