തുറവൂർ: തുറവൂർ - തൈക്കാട്ടുശേരി പാലത്തിലൂടെ ബസ് സർവീസ് ഇല്ലാത്തതിനാൽ ദുരിതത്തിൽ നിവാസികൾ. ബസ് സർവീസ് നിലച്ചതോടെ പ്രദേശവാസികൾക്ക് യാത്രാ ക്ലേശം രൂക്ഷമാകുകയാണ്. ചേർത്തല താലൂക്കിലെ വടക്കൻ മേഖലയിലെ കിഴക്ക് - പടിഞ്ഞാറൻ നിവാസികൾക്ക് ഇതുവഴി ലക്ഷ്യ സ്ഥാനത്തെത്താൻ ഓട്ടയോ സ്വകാര്യ വാഹനങ്ങളാണ് ആശ്രയം. തിരക്കേറിയ നിർദ്ദിഷ്ട തുറവൂർ - പമ്പാ പാതയിലെ പ്രധാനപ്പെട്ട ആദ്യ പാലമാണിത്. 49.5 കോടി മുടക്കി പാലവും അപ്രോച്ച് റോഡും 2014 - ൽ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുത്തപ്പോൾ , ആറ് കെ.എസ്.ആർ.ടി.സി. ബസുകൾ പാലം വഴി ആരംഭിച്ചത് നാട്ടുകാർക്ക് ഒരനുഗ്രഹമായിരുന്നു . അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് പാലത്തിനൊപ്പം ബസ് സർവീസും ഉദ്ഘാടനം ചെയ്തത്. എന്നാൽ ഏറെ നാൾ അത് നീണ്ടു നിന്നില്ല. ഒടുവിൽ , ബസ് സർവീസ് ചുരുങ്ങി ഒരു കെ.എസ്.ആർ.ടി.സി ബസായി മാറി . അതാകട്ടെ കൊവിഡ് കാലത്ത് നിറുത്തി. നിലവിൽ ഈ റൂട്ടിൽ ഒരു സ്വകാര്യ ബസ് മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ചേർത്തല - തൈക്കാട്ടുശേരി - പൂച്ചാക്കൽ - അരൂക്കുറ്റി - അരൂർ ചെയിൻ സർവീസ് അധികൃതർ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അതും ജലരേഖയായി. ബസ് സർവീസ് പുനരാംഭിക്കണമെന്നാവശ്യപ്പെട്ട് തുറവൂർ പഞ്ചായത്ത് ഭരണ സമിതി നിവേദനം നൽകിയിട്ടും ഫലമൊന്നുമുണ്ടായില്ല. ദേശീയപാതയോട് ചേർന്ന് ബന്ധപ്പെട്ടു കിടക്കുന്ന തുറവൂർ - തൈക്കാട്ടുശേരി പാലത്തിലൂടെ പൂച്ചാക്കൽ, മാക്കേക്കടവ്, തൈക്കാട്ടുശേരി വഴി ചേർത്തല, തോപ്പുംപടി, വൈറ്റില എന്നിവിടങ്ങളിലേക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്. കെ.എസ്.ആർ.ടി.സി നാട്ടിൻപുറങ്ങളെ ബന്ധപെടുത്തി തുടങ്ങുന്ന ഗ്രാമവണ്ടികളെ പ്രയോജനപ്പെടുത്താനായാൽ സ്കൂൾ കുട്ടികളടക്കമുള്ള യാത്രക്കാരുടെ തീരാ ദുരിതത്തിന് ഒരറുതിയാകും. ഇന്ധന ചെലവും ബസ് ജീവനക്കാർക്കുള്ള താമസ സൗകര്യവും അതാത് പ്രദേശത്തെ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വഹിച്ചാൽ ഇതുവഴി കെ.എസ്.ആർ.ടി.സി. ഗ്രാമ വണ്ടികൾക്ക് ഓടാനാകും. ചേർത്തല ഡിപ്പോ അധികൃതർ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട പഞ്ചായത്തുകളും ജനപ്രതിനിധികളും ഇതിനെതിരെ ചില തടസവാദങ്ങളുമായി മുഖം തിരിഞ്ഞു നിൽക്കുകയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.