
ആലപ്പുഴ: നഗരത്തിൽ ഇരുമ്പുപാലത്തിന് കിഴക്ക് കനാലിന്റെ വടക്കേക്കരയിലെ റോഡിലെ കുറച്ചു ഭാഗത്ത് ടാറിംഗ് നടത്താതെ ഇട്ടിരിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. റോഡിന്റെ ബാക്കിയുള്ള ഭാഗങ്ങളിൽ ഒന്നാംഘട്ട ടാറിംഗ് പൂർത്തീകരിച്ചു. ആളുകൾ കൂടുതലായി സേവനങ്ങൾക്ക് എത്തുന്ന
ബി.എസ്.എൻ.എൽ, കാനറാ ബാങ്ക് കെട്ടിടങ്ങൾക്ക് മുൻവശമാണ് ടാറിംഗ് നടത്താതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. ടാറിംഗ് നടന്ന കാലയളവിൽ ഈ ഭാഗത്ത് പൈപ്പ് ലൈനിന്റെ പ്രവൃത്തി നടക്കുകയായിരുന്നു. ടാറിട്ടു കഴിഞ്ഞാൽ വീണ്ടും പൊളിക്കേണ്ടിവരുമെന്നതിനാലാണ് ഇവിടം മാത്രം ഒഴിവാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, ഒന്നാം ഘട്ട ടാറിംഗ് പൂർത്തിയായി ഒരു മാസം പിന്നിട്ടിട്ടും പൈപ്പിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടും റോഡ് നന്നാക്കാനുള്ള നടപടികളുണ്ടാവുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. കേന്ദ്ര,സംസ്ഥാന ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വസ്ത്രാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി നിരവധി കെട്ടിടങ്ങളാണ് ഈ റോഡിനരികിൽ പ്രവർത്തിക്കുന്നത്. കൂടാതെ നഗരത്തിലെ പ്രധാന കേന്ദ്രമായ മുല്ലയ്ക്കൽ തെരുവിലേക്ക് എത്താനുള്ള വഴിയുമാണ്. മഴ കനത്തതോടെ താഴ്ന്നു കിടക്കുന്ന ഈ ഭാഗത്ത് വെള്ളം കെട്ടി നിൽക്കുന്നുമുണ്ട്. രണ്ടാംഘട്ടം ടാറിംഗ് ചെയ്യുമ്പോൾ, നിലവിൽ തകർന്നു കി
ടക്കുന്ന ഭാഗം ലെവൽ ചെയ്യപ്പെട്ടില്ലെങ്കിൽ വെള്ളം പതിവായി കെട്ടിക്കിടക്കാനും സാദ്ധ്യതയുണ്ടെന്ന് പ്രദേശത്തെ വ്യാപാരികൾ പറയുന്നത്.
മഴ മാറാതെ പരിഹാരമില്ല
രണ്ടാം ലെവൽ ടാറിംഗാണ് റോഡിൽ ഇനി നടക്കാനുള്ളത്. ഇപ്പോൾ ഒഴിവാക്കിയിട്ടുള്ള ഭാഗത്തും ഇതിനോടൊപ്പം ടാറിംഗ് നടത്തും. എന്നാൽ മഴ മാറാതെ നിർമ്മാണ ജോലികൾ ആരംഭിക്കാനാവില്ല. അതുവരെയും നവീകരിച്ച റോഡിന് പേരുദോഷമായി തകർന്ന ഭാഗം നിലനിൽക്കും.
ടാറിംഗ് നടന്ന സമയം ഈ ഭാഗത്ത് പൈപ്പിന്റെ പണി നടക്കേണ്ടതുണ്ടായിരുന്നു. റോഡ് പൂർണമായി ടാറിട്ടാൽ, വീണ്ടും പൈപ്പ് പണിക്ക് വേണ്ടി പൊളിക്കേണ്ടി വരും. ഇത് ഒഴിവാക്കാനാണ് ഏതാനും ഭാഗം ടാറിംഗിൽ നിന്ന് ഒഴിവാക്കിയത്. മഴ മാറിയാലുടൻ രണ്ടാം ഘട്ട ടാറിംഗ് നടക്കും. അതോടെ പ്രശ്ന പരിഹാരമുണ്ടാകും.
- എ.ഷാഹി, അസി.എൻജിനിയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം