ഹരിപ്പാട്: കൊച്ചീടെ ജെട്ടി പാലം വീണ്ടും ഇരുട്ടിലാണ്ടു. പാലത്തിൽ സ്ഥാപിച്ചിട്ടുള്ള 60 വിളക്കുകളിൽ ഒന്നൊഴിയാതെ എല്ലാം തകരാറിലായതോടെയാണിത്. പൂർണമായും ഇരുട്ടിലായ പാലത്തിലൂടെയുള്ള യാത്ര ഇതോടെ ഭീതിജനകമായി മാറി.
വലിയഴീക്കൽ പാലവും ലൈറ്റ്ഹൗസും യഥാർത്ഥ്യമായതോടെ കായംകുളം ഭാഗത്തു നിന്ന് എത്തുന്നവർ ഇവിടേയ്ക്ക്
എത്താൻ ആശ്രയിക്കുന്നത് ഈ പാലത്തെയാണ്. നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന പാലത്തിന്റെ അവസ്ഥ കാണാൻ ആരും തയ്യാറാകുന്നില്ല.
നിർമാണത്തിന് ശേഷം വർഷങ്ങളോളം അന്ധകാരത്തിൽ കിടന്ന കൊച്ചീടെ ജെട്ടി പാലത്തിന്റെ ശാപമോക്ഷത്തിനായി ആവിഷ് കരിച്ച പദ്ധതി അഴിമതിയും കെടുകാര്യസ്ഥതയും മൂലം പാളിപ്പോയതാണ് ഈ ദുരവസ്ഥ മാറാത്തതിന്റെ കാരണം. വൻതുക ചെലവഴിച്ചിട്ടും ഒരു വർഷം പോലും പദ്ധതിയുടെ ഗുണഫലം ജനങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. മലബാർ സിമന്റ്സാണ് അഞ്ച് ലക്ഷം രൂപ പാലത്തിൽ വിളക്ക് സ്ഥാപിക്കുന്നതിനായി അനുവദിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 2020 ഏപ്രിൽ ആദ്യവാരമാണ് ഇവിടെ വിളക്കുകൾ സ്ഥാപിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ പകുതി വിളക്കുകൾ കണ്ണടച്ചു. നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയതിനെ തുടർന്ന് പ്രശ്നം പരിഹരിച്ചെങ്കിലും പ്രശ്നങ്ങൾ അടിക്കടി ആവർത്തിച്ചതോടെയാണ് വിളക്ക് സ്ഥാപിക്കലിന്റെ ക്രമക്കേട് പുറത്തുവരാൻ ഇടയാക്കിയത്. ഗുണനിലവാരമില്ലാത്ത ബൾബുകളും അനുബന്ധ സാമഗ്രികളും സ്ഥാപിച്ച് പദ്ധതി പ്രവർത്തനം അഴിമതിയിൽ മുങ്ങിയതോടെ വെളിച്ചത്തിന് ആയുസില്ലാതെയായി. പരാതി ഉയരുമ്പോൾ ഒരു വശത്തെ ലൈറ്റുകൾ താത്കാലികമായി തെളിച്ച് ബന്ധപ്പെട്ടവർ തടിതപ്പും. ഏതാനും ആഴ്ചകൾ കഴിയുമ്പോൾ വീണ്ടും പഴയ സ്ഥിതിയാകും. വർഷത്തിൽ അധിക നാളും പാലം ഇരുട്ടിലായിരിക്കും. ഏതാനും ആഴ്ചകൾ കത്തിനിന്ന ഒരു വശത്തെ വിളക്കുകൾ ഒരു മാസം മുമ്പാണ് പൂർണമായും അണഞ്ഞത്. പാലം ഇരുട്ടിലായിരുന്ന സമയത്ത് സാമൂഹിക വിരുദ്ധരുടെ താവളമായിരുന്നു പാലം. വെളിച്ചം വന്നതോടെയാണ് ഇതിന് മാറ്റം വന്നത്. നിലവിൽ പാലം പൂർണമായും അന്ധകാരത്തിലാണ്.
..................................................
വരണം എൻ.ടി.പി.സി പദ്ധതി
പാലം വീണ്ടും ഇരുട്ടിലായതോടെ സാമൂഹിക വിരുദ്ധരുടെ ശല്യം വർദ്ധിക്കുമെന്ന ഭീതിയിലാണ് യാത്രക്കാർ. പാലത്തിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വഴിവിളക്ക് തെളിക്കുന്ന പദ്ധതി കഴിഞ്ഞ ഭരണസമിതിക്ക് മുൻപ് എൻ.ടി.പി.സി തയ്യാറായെങ്കിലും പഞ്ചായത്ത് ഭരണസമിതിയുടെ അലംഭാവം മൂലം നഷ്ടമായി. അധികം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകി പഞ്ചായത്തിന് വരുമാനം ലഭിക്കുന്ന തരത്തിലായിരുന്നു 35 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി നടത്താൻ ലക്ഷ്യമിട്ടിരുന്നത്. ഈ പദ്ധതി എൻ.ടി.പി.സി.യെക്കൊണ്ട് വീണ്ടും നടപ്പിലാക്കാൻ ശ്രമം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
....................................
പാലം ഇരുട്ടിലായാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിക്കും. വലിയഴീക്കലിൽ നിരവധി സന്ദർശകർ എത്തുന്ന സാഹചര്യത്തിൽ കൊച്ചിടെജെട്ടി പാലവും പ്രധാന യാത്ര മാർഗമാണ്. കുടുംബങ്ങൾ ഉൾപ്പടെ എത്തി രാത്രി വൈകി മടങ്ങുമ്പോൾ സാമൂഹ്യവിരുദ്ധ ശല്യം നാടിന്റെ പേരിനു തന്നെ കളങ്കമാകും.
സഹദേവൻ, പ്രദേശവാസി
.................................................
പാലത്തിലെ ലൈറ്റുകൾ അടിക്കടി തകരാറിലാകുന്നത് പതിവാണ്. നാട്ടുകാർ രംഗത്ത് വരുമ്പോൾ തത്കാലത്തേക്ക് പരിഹാരം കണ്ട് മടങ്ങും. അവർ മടങ്ങുന്ന പിന്നാലെ തന്നെ ലൈറ്റ് കേടാകും. നാടിനെ ഇരുട്ടിലാക്കുന്ന നടപടി അവസാനിപ്പിച്ച് സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ അധികൃതർ തയ്യാറാകണം.
നിയാസ്, പ്രദേശവാസി
പദ്ധതികളും പരിഹാരങ്ങളും പ്രഹസനവുമായതാണ് ദുരവസ്ഥ ആവർത്തിക്കുന്നതിൻ്റെ കാരണം.