മാവേലിക്കര: എം.എസ് അരുൺകുമാർ എം.എൽ.എ വിളിച്ചു കൂട്ടിയ ക്ലീൻ മാവേലിക്കര പദ്ധതിയുടെ അവലോകന യോഗം മാവേലിക്കര നഗരസഭ കൗൺസിൽ ഹാളിൽ നടന്നു. മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ.വി ശ്രീകുമാർ അദ്ധ്യക്ഷനായി. മാലിന്യ നിക്ഷേപം തടയാൻ പ്രവർത്തങ്ങൾ വിപുലമാക്കാനും പൊലീസ്, എക്സൈസ് വകുപ്പുകളെ കൂടി സംയോചിപ്പിച്ചു എല്ലാ വാർഡുകളിലും സ്‌ക്വാഡിന്റെ സേവനം ഉറപ്പുവരുത്തണമെന്നും എം.എൽ.എ അറിയിച്ചു,
നഗരസഭ പ്രദേശം മാലിന്യ മുക്തമാക്കാൻ കർശന നടപടികൾ കൈകൊണ്ടെന്നും രാത്രി കാല സ്ക്വാഡിന്റെ പ്രവർത്തനങ്ങൾ നേരിട്ട് എത്തി വിലയിരുത്തുകയും ചെയ്തിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ അറിയിച്ചു. എം.എൽ.എയുടെ നേതൃത്വത്തിൽ പ്രവർത്തനത്തിന് മാവേലിക്കര നഗരസഭയുടെ പൂർണ പിന്തുണ നൽകുമെന്ന് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് പ്രായിക്കര അറിയിച്ചു.
ക്ലീൻ മാവേലിക്കര പദ്ധതിയിൽ എടുത്ത തീരുമാനങ്ങളുടെ റിപ്പോർട്ട് മുൻസിപ്പൽ സെക്രട്ടറി അവതരിപ്പിച്ചു. നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപം നടത്തുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് എല്ലാ വാർഡുകളിലും അനൗൺസ്മെന്റ് നടത്തി. പുതിയകാവ് മാർക്കറ്റിൽ നടത്തുന്ന അനധികൃത മാലിന്യനിക്ഷേപം നിർത്തലാക്കി. രാത്രികാല സ്ക്വാഡ് പ്രവർത്തനം ഊർജിതമാക്കി. നിരവധി വാഹനങ്ങൾ പിടികൂടുകയും മൂന്ന് ലക്ഷത്തോളം രൂപ പിഴ ഈടാക്കുകയും ചെയ്തു. നഗരസഭാ പ്രദേശത്തെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന പ്രധാന ഇടങ്ങളായ പുന്നമൂട് മാർക്കറ്റ്, മിൽമ സൊസൈറ്റി റോഡ്, തട്ടാരമ്പലം എന്നിവിടങ്ങളിലെ മാലിന്യനിക്ഷേപം നിർത്തൽ ചെയ്തു. റോഡിൽ വലിച്ചെറിയുന്ന മാലിന്യം ശുചീകരണ വിഭാഗം ജീവനക്കാരെ ഉപയോഗിച്ച് ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് എയറോബിക് കമ്പോസ്റ്റിലേക്കും ആർ.ആർ.എഫിലേക്കും മാറ്റി. ക്ലീൻ മാവേലിക്കര എന്ന പദ്ധതിയുടെ ഭാഗമായി കോട്ടതോട്ടിലേക്ക് മാലിന്യങ്ങൾ തുറന്നുവിടുന്ന വീടുകളെയും സ്ഥാപനങ്ങളെയും കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാനായി നഗരസഭാതല സ്ക്വാഡ് രൂപീകരിച്ചു. കോട്ടത്തോട് ശുചിയാക്കുന്നതിന് മൈനർ ഇറിഗേഷൻ വകുപ്പിന് കത്തയച്ചതായും സെക്രട്ടറി അറിയിച്ചു.