മാവേലിക്കര:അഞ്ചിലധികം പശുക്കളെ വളർത്തണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ലൈസെൻസു വേണമെന്ന പുതിയ നിയമം ക്ഷീരകാർഷിക മേഖലയെ തകർക്കുന്നതും ക്ഷീരോത്പാദക രംഗത്ത് കേരളത്തെ പിന്നോട്ടടിക്കുന്നതുമായി മാറുമെന്ന് കേരള കോൺസ് സംസ്ഥാന സെക്രട്ടറി തോമസ് സി.കുറ്റിശേരിൽ പറഞ്ഞു.
20 പശുക്കളുടെ തൊഴുത്തുകെട്ടാൻ അനുമതി ആവശ്യമില്ലെന്ന നിയമം നിലനിൽക്കെ അഞ്ചു പശുക്കളിലധികം വളർത്തണമെങ്കിൽ ലൈസെൻസു വേണമെന്നത് വിരോധാഭാസമാണ്. സ്വന്തം തൊഴുത്തിലുണ്ടാകുന്ന കിടാരികൾ വളർന്ന് വലുതായി പാൽ ഉത്പാദിപ്പിക്കുമ്പോൾ മാത്രമാണ് യഥാർത്ഥത്തിൽ ക്ഷീരമേഖലയിലെ കാർഷികവൃത്തി ലാഭകരമാകൂ. അഞ്ചു പശുക്കളുമായി ക്ഷീര കാർഷിക മേഖലയിൽ എത്തുന്ന കർഷകന് തൊഴുത്തിൽ ജനിച്ചു വളരുന്ന കിടാരിയെ വളർത്തി വലുതാക്കി പാലുത്പാദിപ്പിക്കുവാൻ പുതിയ നിയമം തടസമായി വരുമ്പോൾ ഈ രംഗത്തു നിന്ന് ക്ഷീര കർഷകർ പിന്നോട്ടു പോകുവാൻ ഇടയാക്കും.അതിനാൽ നിയമം പിൻവലിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് തോമസ് സി. കുറ്റിശേരിൽ ആവശ്യപ്പെട്ടു.