ചേർത്തല: വാട്സ് ആപ്പ് വഴി ലഭിച്ച മറുപടിക്ക് അവ്യക്തതയുള്ളതിനാൽ ശരിയായ രേഖയുടെ പകർപ്പ് നൽകാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. ചേർത്തല എസ്.എസ് മന്ദിരത്തിൽ വേളോർവട്ടം ശശികുമാർ വിവരാവകാശ രേഖ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ ചേർത്തല പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനിയർ നൽകിയ വാട്സ് ആപ്പ് രേഖ വ്യക്തമാകാത്തതിനെ തുടർന്ന് നൽകിയ അപ്പീലിലാണ് ഉത്തരവ്.
ചേർത്തല നഗരത്തിൽ കാന നിർമ്മാണത്തിനായി കുഴിച്ച മണൽ ചേർത്തല റെസ്റ്റ് ഹൗസിന് സമീപം സൂക്ഷിച്ചിരുന്നു. 2020 നവംബർ 19ന് രാത്രി ടിപ്പർ ലോറിയിൽ ഈ മണൽ കടത്തിയതിനെതിരെ പൊതുമരാമത്ത് വകുപ്പ് ഉപവിഭാഗം അസി.എൻജിനീയർ പൊലീസിൽ നൽകിയ പരാതിയുടെ കോപ്പിയാണ് ശശികുമാർ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്.എന്നാൽ അവ്യക്തമായ പരാതിയുടെ കോപ്പി വാട്സ് ആപ്പ് വഴി പരാതിക്കാരന് നൽകുകയായിരുന്നു. ഇതിനെതിരേയാണ് ശശികുമാർ സംസ്ഥാന വിവരാവകാശ കമ്മഷനെ സമീപിച്ചത്.