
കൊന്നതെന്ന് സംശയം
ആലപ്പുഴ: വളർത്തുമുയലുകളെ വീടിനോട് ചേർന്ന ഷെഡിൽ ചത്ത നിലയിൽ കണ്ടെത്തി. ആലപ്പുഴ ചാത്തനാട് ആഗ്നസ് വില്ലയിൽ റിട്ട. പ്രൊഫസർ ജോസൺ ഫെർണാണ്ടസിന്റെ വീട്ടിൽ വളർത്തിയിരുന്ന 9 മുയലുകളിൽ എട്ടെണ്ണമാണ് ചത്തത്. ഫെർണാണ്ടസിന്റെ മകൾ പി.ജി വിദ്യാർത്ഥിനി ആൻഡ്രിയ ജോ കഴിഞ്ഞ മൂന്ന് വർഷമായി വളർത്തുന്ന മുയലുകളെ. അഞ്ച് കൂടുകളിലായാണ് പാർപ്പിച്ചിരുന്നത്. വെള്ളിയാഴ്ച്ച രാത്രി 11.15ന് മുയലുകളുടെ കൂട് പൂട്ടിയിരുന്നു.
ഇന്നലെ പുലർച്ചെയാണ് ഇരുചക്ര വാഹനവും വളവും മറ്റും സൂക്ഷിക്കുന്ന ഷെഡിൽ മുയലുകൾ ചത്ത് കിടക്കുന്നത് കണ്ടത്. വീട്ടിലെ വളർത്തുനായയെ പതിവ് പോലെ അഴിച്ചുവിട്ടിരുന്നെങ്കിലും രാത്രി കുരയ്ക്കുകയോ, ബഹളം വയ്ക്കുകയോ ചെയ്തിട്ടില്ല. വീടിന്റെ ഗേറ്റ് താഴിട്ട് പൂട്ടിയിരുന്നില്ല. ഒരു കൂടിന്റെ ലോക്ക് തുറക്കാതിരുന്നതിനാൽ ഒരു മുയൽ മാത്രം രക്ഷപ്പെട്ടു. ജോസണും ഭാര്യ ലിബിജ മാത്യുവും, മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുയലുകൾക്ക് മറ്റെന്തെങ്കിലും ഭക്ഷണം നൽകിയതിന്റെയോ, ആക്രമണം നേരിട്ടതിന്റെയോ ലക്ഷണങ്ങളില്ല. സഭവത്തിൽ നോർത്ത് പൊലീസ് കേസെടുത്തു. ജില്ലാ മൃഗാശുപത്രി ഡോക്ടർമാർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മുയലുകളുടെ മരണകാരണം വ്യക്തമാകൂ.