
ആലപ്പുഴ: തലസ്ഥാന നഗരിയിൽ ജോലിക്കും പഠനത്തിനും ചികിത്സയ്ക്കുമായി എത്താനുള്ള തീരദേശ യാത്രക്കാരുടെ ഏക ആശ്രയമായ ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസിന്റെ സമയം തെറ്റുന്നു. ഹരിപ്പാട് വരെ കൃത്യത പാലിച്ചെത്തുന്ന ട്രെയിൻ കായംകുളം എത്തുന്നതോടെ സമയത്തിന്റെ ട്രാക്കിൽ നിന്ന് തെന്നിമാറും.
കോട്ടയം റൂട്ടിൽ നിന്ന് വരുന്ന പൂനെ - കന്യാകുമാരി എക്‌സ്‌പ്രസ് എന്ന ജയന്തി ജനതയുടെ സമയം ഇന്റ്ർസിറ്റിക്ക് മുമ്പാക്കിയതിനാലാണ് കായംകുളം മുതൽ കൊച്ചുവേളി വരെ പല സ്റ്റോപ്പുകളിലും ഇന്റർസിറ്റി പിടിച്ചിടേണ്ടിവരുന്നത്. തിരുവന്തപുരത്തേക്ക് ആലപ്പുഴ റൂട്ടിൽ പുലർച്ചെ 2.30നുള്ള മാവേലി എക്സ്‌പ്രസ് പോയിക്കഴിഞ്ഞാൽ ആകെയുള്ള ആശ്രയമാണ് ഇന്റർസിറ്റി.
അതിനു മുമ്പോ ശേഷമോ രാവിലെ മറ്റ് ട്രെയിനുകളില്ല. മേയ് മാസം വരെ രാവിലെ 10ന് മുമ്പായി ഇന്റർസിറ്റി തിരുവന്തപുരത്ത് എത്തിയിരുന്നു. എന്നാലിപ്പോൾ ജയന്തി ജനതയെ കടത്തിവിടാൻ വേണ്ടി പലയിടത്തും പിടിച്ചിടുന്നതിനാൽ 10.30ന് ശേഷമാണ് ട്രെയിൻ തലസ്ഥാനത്തെത്തുന്നത്. ഇതോടെ സെക്രട്ടേറിയറ്റിലടക്കം ജോലിക്കെത്തേണ്ട സർക്കാർ ജീവനക്കാർ, സ്വകാര്യ സ്ഥാനങ്ങളിലെ ജീവനക്കാർ, വിദ്യാർത്ഥികൾ, ആർ.സി.സിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾ തുടങ്ങി നിരവധി സ്ഥിരം യാത്രക്കാരാണ് വലയുന്നത്. എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചിംഗ് പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. പത്തരയ്ക്ക് സ്റ്റേഷനിലെത്തി, വീണ്ടും ബസോ, ഓട്ടോറിക്ഷയോ പിടിച്ച് ഓഫീസിലെത്തുമ്പോഴേക്കും പഞ്ചിംഗ് സമയം അതിക്രമിച്ച് അവധി രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്ന് ജീവനക്കാർ പരാതിപ്പെടുന്നു.
സമയം തിരിച്ചുവേണം
ഇന്റർ സിറ്റിയ്ക്ക് ശേഷം മൂന്നാമതായി വന്നിരുന്നതും ഇന്റർ സിറ്റിയെക്കാൾ കൂടുതൽ സ്റ്റോപ്പുകളുമുള്ളതാണ് പൂനെ - കന്യാകുമാരി എക്‌സ്പ്രസ് (ജയന്തി ജനത). ജയന്തി ജനതയിൽ രണ്ട് കോച്ചുകൾ മാത്രമാണ് ജനറൽ കംപാർട്ട്മെന്റുള്ളത്. കായംകുളം മുതൽ കയറുന്ന യാത്രക്കാർ, കൊവിഡ് വീണ്ടും ശക്തിപ്രാപിക്കുന്ന സമയത്തും തിങ്ങിഞെരുങ്ങി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. അതേസമയം ഇന്റർസിറ്റിയിൽ ജനറൽ കംപാർട്ട്മെന്റുകൾ കൂടുതലാണ്. കോട്ടയം വഴി വരുന്ന വഞ്ചിനാട് എക്സ്പ്രസിന്റെ സമയവും മുന്നിലേക്ക് നീക്കാൻ നടപടികൾ ആരംഭിച്ചിട്ടുള്ളതായാണ് വിവരം. ജയന്തി ജനതയ്ക്ക് പുറമേ വീണ്ടുമൊരു ട്രെയിൻ കൂടി ഇന്റർസിറ്റിക്ക് മുമ്പായി എത്തിയാൽ, ആയിരക്കണക്കിന് തീരദേശ യാത്രക്കാരുടെ കാര്യം അവതാളത്തിലാകും. സമയം പഴയ നിലയിലേക്ക് പുനഃസ്ഥാപിച്ച് കിട്ടണമെന്ന ആവശ്യവുമായി എ.എം.ആരിഫ് എം.പിക്ക് നിവേദനം സമർപ്പിച്ചിരിക്കുകയാണ് തീരദേശ യാത്രക്കാർ.
കോട്ടയത്ത് നിന്നുള്ള യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് സമയമാറ്റം വന്നിരിക്കുന്നത്. ഇന്റർസിറ്റിയെ മാത്രം ആശ്രയിക്കുന്ന തീരദേശത്തെ യാത്രക്കാർക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല. ജയന്തി ജനതയ്ക്കും, വഞ്ചിനാടിനും മുമ്പായി ഇന്റർസിറ്റിക്ക് സമയം പുനഃസ്ഥാപിച്ച് കിട്ടണം
-തീരദേശ ട്രെയിൻ യാത്രികർ