ചെങ്ങന്നൂർ : വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി പദത്തിൽ 25 വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായി ചെങ്ങന്നൂർ യൂണിയൻ നടപ്പാക്കിയ വെള്ളാപ്പള്ളി നടേശൻ കാരുണ്യപദ്ധതി രണ്ടാംവർഷത്തിലേക്ക് കടക്കുന്നു.
യൂണിയന്റെ പരിധിയിൽപ്പെട്ട ശാഖകളിലെ ആൺതുണയില്ലാത്ത കിടപ്പുരോഗികൾ, മാതാപിതാക്കളില്ലാത്ത കുട്ടികൾ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വൃക്ക, കാൻസർ രോഗികൾ എന്നിവർക്ക് എല്ലാ മാസവും ഭക്ഷണപദാർത്ഥങ്ങളും പലവ്യജ്ഞനങ്ങളും എത്തിച്ചുകൊടുക്കുന്ന പദ്ധതി നാളെ ഒരു വർഷം പിന്നിടും. പദ്ധതിയുടെ വാർഷിക സമ്മേളനവും അശരണരും ആലംബഹീനരുമായ സമുദായ അംഗങ്ങൾക്ക് മരുന്നും ചികിത്സാ സാമഗ്രികളും നൽകുന്ന രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനവും നാളെ വൈകിട്ട് 4ന് കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി നടേശന്റെ വസതിയിൽ നടക്കും. എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുഗ്രഹ പ്രഭാഷണവും യൂണിയൻ കർമ്മപദ്ധതി സുവനീർ പ്രകാശനവും നിർവഹിക്കും.

യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് പി.ആർ., യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, സുരേഷ് എം.പി., മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ സെക്രട്ടറി റീന അനിൽ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ദേവദാസ് രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ഷോൺ മോഹൻ, സെക്രട്ടറി രാഹുൽ രാജ്, വൈദികയോഗം യൂണിയൻ ചെയർമാൻ സൈജു പി.സോമൻ, കൺവീനർ ജയദേവൻ കെ.വി., ധർമ്മസേന യൂണിയൻ കോർഡിനേറ്റർ വിജിൻ രാജ്, സൈബർ സേന യൂണിയൻ ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ എന്നിവർ സംസാരിക്കും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി സ്വാഗതവും കൺവീനർ അനിൽ പി.ശ്രീരംഗം നന്ദിയും പറയും.