
ആലപ്പുഴ: ആലപ്പി ബീച്ച് ക്ലബ് (എ.ബി.സി) പത്തു വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെയും ഗുരുപൂജ അവാർഡ് ജേതാക്കളെയും ആദരിക്കും. ജില്ലയിൽ വിദ്യാഭ്യാസ രംഗത്ത് പഠനമികവ് കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്കായുള്ള സാമ്പത്തിക വൈജ്ഞാനിക സഹായ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, 'ഉയിരിൻ ഉയിരേ' എന്ന പേരിൽ നടത്തുന്ന ആഘോഷ പരിപാടിയുടെ പോസ്റ്ററിന്റെയും ലോഗോയുടെയും പ്രകാശനവും എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഓഫീസിൽ നടന്ന ചടങ്ങിൽ എ.ബി.സി പ്രസിഡന്റ് വി.ജി വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ആനന്ദ് ബാബു സ്വാഗതം പറഞ്ഞു. ലോകകേരള സഭാഗം തയ്യിൽ ഹബീബ് മുഖ്യാതിഥിയായി. സംഘാടകസമിതി ഭാരവാഹികളായ, അഡ്വ.കുര്യൻ ജയിംസ്, സി.ടി സോജി, ബാബു അത്തിപ്പൊഴി, ഒ.വി പ്രവീൺ, രാജേഷ് രാജഗിരി, സന്തോഷ് എന്നിവർ സംസാരിച്ചു.