 
അരൂർ: ചന്തിരൂരിൽ കോൾഡ് സ്റ്റോറേജിലെ റാക്കുകൾ തകർന്നുവീണു ലക്ഷങ്ങളുടെ നാശനഷ്ടം . ആളപായമില്ല. ദേശീയ പാതയിൽ ചന്തിരൂർ ഹൈസ്കൂളിന് തെക്കുഭാഗത്ത് സ്നോബി എന്ന കോൾഡ്സ്റ്റോറേജിലെ റാക്കുകളാണ് ഇന്നലെ ഉച്ചയ്ക്ക് തകർന്നു വീണത്. റാക്കുകൾ നിർമ്മിച്ചിരിക്കുന്ന ഇരുമ്പ് തൂണുകൾ വളഞ്ഞ് പുറത്തേക്ക് വീഴുകയായിരുന്നു. വൻ ശബ്ദം കേട്ട് പുറത്തുണ്ടായിരുന്ന ജീവനക്കാർ ഓടിയെത്തിയപ്പോഴാണ് സ്റ്റോറിന്റെ മുൻഭാഗം തകർന്നു വീഴുന്നത് കണ്ടത്. അപകടത്തെ തുടർന്ന് സ്ഥാപനത്തിനകത്തെ ശീതീകരണ സംവിധാനമാകെ തകരാറിലായി.അരൂർ മേഖലയിലെ മത്സ്യ സംസ്കരണ കയറ്റുമതി സ്ഥാപനങ്ങളിലെ കോടിക്കണക്കിന് രൂപയുടെ മത്സ്യ വിഭവങ്ങൾ കയറ്റുമതിയ്ക്ക് മുമ്പായി പാക്ക് ചെയ്ത് സൂക്ഷിക്കുന്നത് ഇത്തരം കോൾഡ് സ്റ്റോറേജുകളിലാണ്. കോൾഡ്സ്റ്റോറേജിൽ സൂക്ഷിച്ചിരുന്ന മത്സ്യ വിഭവങ്ങൾ വൻതോതിൽ നശിച്ചതായാണ് പ്രാഥമിക നിഗമനം. കേടാകാത്തവ മറ്റു കോൾഡ് സ്റ്റോറേജുകളിലേയ്ക്ക് അടിയന്തിരമായി മാറ്റി. നഷ്ടം കണക്കാക്കിയിട്ടില്ല. സംഭവമറിഞ്ഞയുടൻ അരൂർ അഗ്നിശമന സേനയും പൊലീസും രക്ഷാപ്രവർത്തനത്തിനെത്തി. റാക്കുകളുടെ ബലക്കുറവും അമിതഭാരവുമാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. .