photo

മാരാരിക്കുളം:ദേശീയപാതയിൽ വളവനാട് സ്‌കൂളിന് മുന്നിൽ റോഡിന്റെ വശത്ത് മണ്ണിനോട് ചേർന്ന പില്ലർ കമ്പികളിൽ വാഹനങ്ങൾ തട്ടി അപകടങ്ങൾ പതിവാകുന്നു. വളവനാട് പി.ജെ.യു.പി സ്‌കൂളിന് മുന്നിൽ പുല്ലുകൾക്കിടയിലാണ് തറനിരപ്പിൽ നിന്ന് അൽപം മാത്രം ഉയരത്തിൽ കോൺക്രീ​റ്റ് ചെയ്ത ഭാഗവും അതിൽ നിന്ന് 4 ഇരുമ്പു കമ്പികൾ ഉയർന്നു നിൽക്കുന്നതും.സ്‌കൂളിലേക്ക് വരുന്ന വാഹനങ്ങളും റോഡിന്റെ വശത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളുമാണ് കമ്പികൾ കാണാതെ അപകടത്തിൽപ്പെടുന്നത്. പലപ്പോഴും ടയറുകൾ പൊട്ടുകയോ വാഹനത്തിന് നാശമുണ്ടാവുകയോ ചെയ്യുന്നു. നിരവധി പേർക്കാണ് അപകടത്തിൽപ്പെട്ട് വാഹനങ്ങൾക്കര കേടുപാടും സാമ്പത്തീക നഷ്ടവും ഉണ്ടാകുന്നത്. ഏതാനും മാസം മുമ്പ് ദേശീയപാതയോരങ്ങളിൽ ട്രാഫിക് സിഗ്നൽ ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച കമ്പികളാണിവയെന്നാണ് കരുതുന്നത്.എന്നാൽ ബാക്കിയുള്ള സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചെങ്കിലും ഇവിടെ ഒന്നും ചെയ്തില്ല. ഡ്രൈവർമാർ പുല്ലുകൾക്കിടയിലെ കമ്പികൾ കാണാതെയാണ് അപകടം. കാൽനടയാത്രക്കാരും അറിയാതെ ഇതിൽ കാൽ തട്ടി നിലത്ത് വീണ് പരിക്കേൽക്കുന്ന സംഭവവുമുണ്ട്. ഇരുചക്രവാഹനങ്ങൾ കമ്പികളിൽ തട്ടി വീണും അപകടമുണ്ടാകുന്നു. ദേശീയപാത വിഭാഗം അടിയന്തിരമായി ഇത് ഇവിടെ നിന്ന് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.