ആലപ്പുഴ: മഴ പെയ്താൽ വെള്ളക്കെട്ടിലായി നഗരം. വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാലുകൾ ഇല്ലാതായതോടെ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് പതിവാകുകയാണ്. ബസ് സ്റ്റോപ്പുകളിലടക്കം മലിനജലം കെട്ടിക്കിടക്കുന്നതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. നൂറ് കണക്കിന് വിദ്യാർത്ഥികൾ വന്നിറങ്ങുന്ന എസി.ഡി കോളേജിന് മുന്നിലെ സ്റ്റോപ്പിൽ ബസിൽ നിന്ന് കാലെടുത്ത് വയ്ക്കേണ്ടത് വെള്ളത്തിലേക്കാണ്. 24 മണിക്കൂറും വെള്ളക്കെട്ടിലാണ് ഇവിടുത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡും പ്രവർത്തിക്കുന്നത്. കളർകോട് ബൈപ്പാസിന്റെ തുടക്കത്തിൽ റിലയൻസ് മാളിനും പതിയാംകുളങ്ങര ക്ഷേത്രത്തിനും മദ്ധ്യേയും സമാനമാണ് സ്ഥിതി. സദാ സമയം ഒഴുക്കില്ലാതെ വെള്ളം കെട്ടികിടക്കുന്നതിനാൽ ഈ വഴി കാൽനടയും പ്രയാസമാണ്. ട്രാഫിക് സിഗ്നൽ കടന്ന് വാഹനങ്ങൾ അമിത വേഗത്തിൽ പോകുന്ന റോഡായതിനാൽ വെള്ളക്കെട്ട് ഒഴിവാക്കി റോഡിലേക്ക് ചേർന്നു നടന്നാൽ അപകടം ഉറപ്പാണ്. റോഡിലെ കുഴിയും വെള്ളക്കെട്ടും മൂലമുണ്ടാകുന്ന ഗതാഗത തടസം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതാ അതോറിട്ടിക്ക് കത്തു നൽകാൻ കഴിഞ്ഞദിവസം നഗരസഭയിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ധാരണയായിരുന്നു.മഴക്കാല പൂർവ്വ ശുചീകരണത്തിന് മുന്നോടിയായി ജലാശയങ്ങൾ വൃത്തിയാക്കിയതിനാൽ ഇത്തവണ വാർഡുകളിൽ വെള്ളം കെട്ടി കിടക്കുന്ന പ്രവണതയ്ക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവുണ്ട്.
..........
വെള്ളം ഒഴുകിപ്പോകുവാൻ സംവിധാനമില്ലാത്തതിനാലാണ് മാസങ്ങളായി ഈ വെള്ളക്കെട്ട് തുടരുന്നത്. ഒറ്റ മഴയിൽ തന്നെ താഴ്ന്ന പ്രദേശത്ത് വെള്ളപ്പൊക്കമാവുകയാണ്. എല്ലാ ദിവസവും ഈ വെള്ളത്തിലാണ് ഓട്ടോറിക്ഷാ സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. ഇവിടെ ബസിറങ്ങുന്ന വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.
ഓട്ടോ ഡ്രൈവർമാർ, എസ്.ഡി കോളേജ് ജംഗ്ഷൻ