
മാന്നാർ: അപ്പർകുട്ടനാടൻ മേഖലയിലുൾപ്പെട്ട മാന്നാറിന്റെ പ്രധാന കാർഷിക ശ്രോതസായ നെൽകൃഷിവിടാനൊരുങ്ങി കർഷകർ. കഴിഞ്ഞ മൂന്ന് വർഷങ്ങളായി കൃഷിയിൽ നഷ്ടക്കണക്കുകൾ മാത്രമാണ് കർഷകർക്ക് സമ്മാനിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങൾമൂലം അടിക്കടിയുണ്ടാകുന്ന മഴയും വെള്ളപ്പൊക്കവും കാർഷിക മേഖലക്കുണ്ടാക്കിയ നഷ്ടങ്ങളാണ് കർഷകരുടെ ദുരിതം. മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിലെ കുരട്ടിശ്ശേരി പുഞ്ചയിലെ പാവുക്കര, വിഷവർശ്ശേരിക്കര ഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറോളം ഏക്കർ വരുന്ന പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യമാണ് കർഷകരും പാടശേഖര സമിതികളും മുന്നോട്ടു വെക്കുന്നത്. കുരട്ടിശ്ശേരി നെൽകൃഷി വികസനസമിതി ചെയർമാൻ പ്രൊഫ.പി.ഡി ശശിധരന്റെ അദ്ധ്യക്ഷതയിൽ മാന്നാർ കൃഷിഭവന്റെ കീഴിലുള്ള കുടവള്ളാരി എ,ബി, കണ്ടംകേരി, വേഴത്താർ, നാലുതോട്, അരിയോടിച്ചാൽ എന്നീ പാടശേഖരങ്ങളിലെ കർഷകപ്രതിനിധികൾ പങ്കെടുത്ത സംയുക്തയോഗത്തിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുവരെ കൃഷി ഉപേക്ഷിക്കുവാനാണ് തീരുമാനം. മുക്കം-വാലേൽ, മൂർത്തിട്ട മുക്കാത്താരി ബണ്ടുറോഡുകൾ, റാമ്പുകൾ, മോട്ടോറുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം. പ്രധാനമായും ബണ്ടുറോഡുകളുടെ ശോച്യാവസ്ഥയാണ് പാടശേഖര സമിതികൾ ചൂണ്ടിക്കാട്ടുന്നത്. മാന്നാർ-ചെന്നിത്തല പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന മുക്കം-വാലേൽ ബണ്ടുറോഡാണ് പ്രാധാന്യമർഹിക്കുന്നത്. നിലവിൽ ആറുമീറ്റർ വീതിയുണ്ടെങ്കിലും സംരക്ഷണഭിത്തി കെട്ടാത്തതിനാൽ സുരക്ഷിതമല്ല. കർഷകരുടെയും പാടശേഖര സമിതിയുടെയും നിരന്തരമായ ആവശ്യം പരിഗണിച്ച് മന്ത്രി സജി ചെറിയാൻ മുൻകൈ എടുത്താണ് മുക്കം-വാലേൽ ബണ്ട് റോഡ് പുനരുദ്ധാരണം സാധ്യമാകുന്നത്. നബാർഡിൽനിന്നും അഞ്ചുകോടിരൂപ ചെലവഴിച്ച് നിർമ്മിക്കുവാൻ നടപടിക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞ ജനുവരിയിൽ നിർമ്മാണം തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും യാതൊരു പ്രവർത്തനങ്ങളും തുടങ്ങിയിട്ടില്ല.
...............
സമ്പൂർണ തരിശുരഹിത ചെങ്ങന്നൂർ എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന സമൃദ്ധിപദ്ധതിയിൽ വെണ്മണി, മുളക്കുഴ, ആല, തിരുവൻവണ്ടൂർ തുടങ്ങിയ പഞ്ചായത്തുകൾക്ക് മാത്രമാണ് പ്രയോജനങ്ങൾ ലഭിച്ചു വരുന്നത്. മാന്നാർ പഞ്ചായത്തിലെ വിവിധപാടശേഖരങ്ങളുടെ അടിസ്ഥാന വികസനങ്ങൾക്കായി പദ്ധതി പ്രയോജനപ്പെടുത്തുവാൻ പഞ്ചായത്തും കൃഷിഭവനും നടപടികൈക്കൊള്ളണം.
( ബിജു ഇക്‌ബാൽ, വേഴത്താർ പാടശേഖര സമിതി സെക്രട്ടറി)
......
ചെന്നിത്തല പഞ്ചായത്തിലെ അഞ്ച്, ആറ് ബ്ലോക്കുകൾ ഉയർന്നു നിൽക്കുന്നതിനാൽ അച്ചൻകോവിലാറിൽനിന്നുള്ള വെള്ളം മുക്കം-വാലേൽ ബണ്ടുറോഡിലേക്കാണ് തള്ളുന്നത്. മുക്കം-വാലേൽ ബണ്ടുറോഡ് മൂന്ന്അടിയെങ്കിലും അടിയന്തിരമായി ഉയർത്തി ബലപ്പെടുത്തുകയും പൊതുവൂർ വട്ടപ്പണ്ടാരി ബണ്ട് ബലപ്പെടുത്തുകയും ചെയ്തെങ്കിൽ മാത്രമേ കുരട്ടിശ്ശേരി പുഞ്ചയിൽ നെൽകൃഷി ചെയ്യാൻ കഴിയുകയുള്ളൂ.
(ഹരിദാസ്, നാലുതോട് നെല്ലുത്പാദക സമിതി പ്രസിഡന്റ്)