a

മാവേലിക്കര: ചെന്നിത്തല സഹകരണ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ളയ്ക്ക് മന്ത്രി സജിചെറിയാൻ ആദരവ് കൈമാറി. ചെന്നിത്തലയിൽ നടന്ന പെരുമ സാംസ്ക്കാരിക വേദിയിലാണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്. സഹകരണ മേഖലയിലും കാർഷിക മേഖലയിലും അദ്ദേഹം നൽകിയ സംഭാവനകളെ മുൻ നിർത്തിയാണ് ആദരവ് നൽകിയത്. ഒരു സഹകാരി എങ്ങനെ ആകണമെന്നും സഹകരണ പ്രസ്ഥാനത്തിലൂടെ വിവിധ സാധ്യതകൾ കണ്ടെത്തി ചെന്നിത്തല എന്ന ഗ്രാമത്തെ മികച്ച നിലയിൽ സേവിച്ചതിനാണ് ഈ ആദരവ് എന്ന് സംഘാടകർ അറിയിച്ചു. ചില സഹകരണ സ്ഥാപനങ്ങൾ അധിക ബാധ്യതയിലും കടക്കെണിയിലും പെട്ട് ഉഴലുന്ന സാഹചര്യത്തിൽ ചെന്നിത്തല സർവീസ് സഹകരണ ബാങ്കിൽ പുതുമയും ക്ഷേമകരവുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നത്.

നിരവധി പുരസ്ക്കാരങ്ങൾ ഇതിനോടകം ചെന്നിത്തല സഹകരണ ബാങ്ക് നേടിയിട്ടുണ്ട്. പഞ്ചായത്ത്, താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ മികച്ച ബാങ്കിനുള്ള അവാർഡ്, ചെന്നിത്തലയിലെ പ്രമുഖ കാർഷിക കുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിന് കാർഷിക മേഖലയിൽ മികച്ച കർഷക അവാർഡ്, രണ്ട് തവണ താലൂക്ക് ഹോർട്ടികൾചറൽ സൊസൈറ്റിയുടെ കർഷകശ്രീ അവാർഡ്, പഞ്ചായത്തിൽ വച്ച് ഏറ്റവും കൂടുതൽ നെല്ല് ഉത്പ്പാദിപ്പിച്ചതിന് കൃഷി ഭവന്റെ സ്പെഷ്യൽ അവാർഡ് എന്നിവ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഐപ്പ് ചാണ്ടപ്പിള്ളയുടെ നേതൃത്വഗുണവും അഴിമതി രഹിതമായ കാഴ്ചപ്പാടുമാണ് ബാങ്കിന്റെ വികസനത്തിന്റെ അടിസ്ഥാന ഘടകം. ചാണ്ടപ്പിള്ളയുടെ ദീർഘനാളത്തെ നിസ്വാർത്ഥ സേവനത്തിന് ലഭിച്ച അർഹമായ അംഗീകാരം തന്നെയാണ് ഈ ആദരവ്.