court

ദിവസങ്ങൾക്ക് മുമ്പുണ്ടായ രണ്ട് ഹൈക്കോടതി വിധികൾ ഗൗരവമേറിയ ചർച്ചകൾക്കും സമൂഹത്തിലെ ചില കോണുകളിൽ നിന്ന് അതിരൂക്ഷ വിമർശനങ്ങൾക്കും ഇടയാക്കി. അഭയക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് ജാമ്യം അനുവദിക്കുകയും ശിക്ഷ മരവിപ്പിക്കുകയും ചെയ്‌തതായിരുന്നു ഒന്ന്. യുവനടിയെ ബലാത്സസംഗം ചെയ്‌ത കേസിൽ നടനും നിർമ്മാതാവുമായ വിജയ്ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചതായിരുന്നു മറ്റൊന്ന്. നിയമത്തിന്റെ അടിസ്ഥാനത്തിലും തെളിവുകൾ, സാക്ഷിമൊഴികൾ എന്നിവ വിലയിരുത്തി വിധി നിശ്‌ചയിക്കുന്ന അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് കോടതി വ്യതിചലിച്ചുവെന്ന വാദമാണ് ചിലർ ഉയർത്തുന്നത്. എന്നാൽ, സാമ്പ്രദായിക കാഴ്ചപ്പാടിൽ നിന്ന് കോടതി വിധികൾ മാറുന്നുവെന്ന സൂചനയാണ് മറ്റൊരു വിഭാഗം ചർച്ച ചെയ്യുന്നത്. എന്തുതന്നെയായാലും ഈ രണ്ടു വിധികളും നിയമരംഗത്ത് ഒരു സംവാദത്തിന്റെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. പുതുതലമുറയിലെ നിയമവിദ്യാർത്ഥികൾക്കും പാഠ്യപദ്ധതിക്കപ്പുറമുള്ള സംവാദ, നീരീക്ഷണങ്ങളിലേക്കും കടക്കാനുള്ള സുവർണാവസരം കൂടിയാണിത്.

കോടതികൾ മുന്നിലെത്തുന്ന തെളിവുകളുടെയും വിശ്വസനീയമായ സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസിൽ വിധി പറയുക. ചില കേസുകളിൽ തെളിവുകളുടെ അഭാവം മൂലം കീഴ്ക്കോടതി വിധികൾ മേൽക്കോടതി റദ്ദാക്കാറുണ്ട്. കോളിളക്കമുണ്ടാക്കിയ അഭയ കേസിലെ ശിക്ഷ മരവിപ്പിക്കുമ്പോൾ നിരവധി ചോദ്യങ്ങൾ ഉയരുന്നത് സ്വാഭാവികം. ബലാത്സസംഗ കേസുകളിൽ മുൻകൂർ ജാമ്യം ലഭിക്കുന്നത് അസാധാരണമാണെന്നതിൽ തർക്കമില്ല. എന്നാൽ, പരാതിക്ക് ഉപോത്ബലകമായ കാര്യങ്ങളിലേക്ക് കോടതികൾ ആഴത്തിൽ ഇറങ്ങി ചെല്ലുന്നത് അടുത്തകാലത്തുണ്ടായ മാറ്റങ്ങളിലൊന്നാണെന്നും പറയാതിരിക്കാനാവില്ല.

28 വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് 2020 ഡിസംബർ 23 ന് അഭയ കേസിൽ സി.ബി.ഐ പ്രത്യേക കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്‌റ്റർ സെഫി എന്നിവർക്കെതിരെ കൊലക്കുറ്റം തെളിയുകയും ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്‌തു. എന്നാൽ, രണ്ട് സാക്ഷി മൊഴികളെ മാത്രം അവലംബിച്ചാണ് ശിക്ഷ വിധിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും അപ്പീൽ നൽകിയത്. ഈ ഹർജി അനുവദിച്ചാണ് ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്‌തത്. വർഷങ്ങൾ നീണ്ട അന്വേഷണങ്ങളും നിയമപോരാട്ടങ്ങളും അഭയ കേസിൽ ചരിത്രമാണ്. അതിന്റെ ഭാഗമായുണ്ടായ വിവാദങ്ങൾ ഈ കേസിനെ പിന്തുടരുന്നവർക്ക് മറക്കാനാവില്ല. അന്വേഷണ ഏജൻസിയായ സി.ബി.ഐയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് വിധി മരവിപ്പിക്കാനിടയാക്കിയെന്ന വാദവും ഉയരുന്നുണ്ട്. എന്തു തന്നെയായാലും ഇപ്പോഴും അഭയയുടെ മരരണം അസ്വാഭാവിക വിഭാഗത്തിലാണ്. അതിന്റെ നിജസ്ഥിതി എന്നാണ് പുറത്തുവരിക?. ഇതിന് ഉത്തരം പറയേണ്ടത് നിയമവ്യവസ്ഥയും അന്വേഷണ സംവിധാനങ്ങളുമാണ്.

പീഡനക്കേസുകളിലെ മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ ഉഭയ സമ്മതപ്രകാരമുള്ള ശാരീരികബന്ധത്തെ പീഡനമാക്കി മാറ്റുന്നതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തൽ അടുത്തകാലത്തുണ്ടായ നിരവധി കേസുകളുടെ അന്തസത്ത ഉൾക്കൊണ്ടുള്ളതാണെന്ന് വ്യക്തം. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് നടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിരീക്ഷണം. ഓരോ കേസിലെയും പ്രത്യേക സാഹചര്യവും വസ്തുതകളും വിലയിരുത്തി തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. ഇതാണ് ചർച്ചകൾക്ക് വഴിതുറന്നത്. മാർച്ച് 16 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ വിജയ് ബാബു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തത്. നടിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും പുതിയ ചിത്രത്തിൽ മറ്റൊരു നായികയാണെന്നറിഞ്ഞപ്പോഴാണ് പീഡനപ്പരാതി നൽകിയെന്നുമായിരുന്നു വിജയ്ബാബുവിന്റെ മറുവാദം. 2022 മാർച്ച് 16 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ വിജയ് ബാബു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ ഏപ്രിൽ 22 നാണ് കേസെടുത്തത്. കേസ് ഹൈക്കോടതിക്ക് മുന്നിലെത്തിയപ്പോൾ പ്രധാനമായും പരിഗണിച്ചകാര്യങ്ങൾ ഇവയായിരുന്നു. പ്രതി വിവാഹിതനാണെന്നും ബന്ധം നിലവിലുണ്ടെന്നും ഇരയ്ക്ക് അറിയാമായിരുന്നു. വിവാഹബന്ധം നിലവിലുള്ളതിനാൽ ഇരയെ വിവാഹം കഴിക്കാൻ നിയമപരമായി കഴിയില്ല. മാർച്ച് 16 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ നടി ഒരുതരത്തിലും തടവിലായിരുന്നില്ല. വാട്ട്‌സ് അപ്പിലും ഇൻസ്റ്റഗ്രാമിലുമായി ഇവർ സ്ഥിരമായി ധാരാളം ആശയവിനിമയം നടത്തിയിട്ടുണ്ട്. ലഭ്യമായ സന്ദേശങ്ങളിൽ നിന്ന് ഇവർ തീവ്രബന്ധത്തിലായിരുന്നെന്ന് പ്രഥമദൃഷ്ട്യാ വ്യക്തം. ഇരയും മൊബൈൽ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. മാർച്ച് 31 മുതൽ ഏപ്രിൽ 14 വരെയുള്ള ഇവരുടെ ഫോൺ സംഭാഷണങ്ങളിൽ പീഡനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. പ്രതിയുടെ പുതിയ ചിത്രത്തിൽ പുതിയ നായികയാണെന്ന് ഇരയറിഞ്ഞത് ഏപ്രിൽ 15 നുശേഷമാണ്. തുടർന്ന് ഏപ്രിൽ 17 ന് പ്രതിക്കെതിരെ ബഹളമുണ്ടാക്കി. ഇക്കാര്യങ്ങൾ വിലയിരുത്തി കോടതി മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ സാമ്പ്രദായിക രീതികളിൽ നിന്നുള്ള മാറ്റമാണെന്ന് പറയുന്നവരോട് യോജിക്കാനും വിയോജിക്കാനും കഴിയില്ല. കാരണം, കോടതി വികാരപരമായല്ല കാര്യങ്ങൾ പരിഗണിക്കുന്നത്. അവിടെ നടക്കുന്നത് ഇഴകീറിയുള്ള പരിശോധനകളാണ്. കോടതിക്ക് ബോദ്ധ്യമായതാണ് വിധിയായി പുറത്തുവരുന്നത്.

ബലാത്സംഗകേസിൽ ഒരു കോടതിയും മുൻകൂർ ജാമ്യം അനുവദിച്ചുകൂടെന്ന സാമ്പ്രദായിക കാഴ്ചപ്പാട് മാറുന്നതിന്റെ സൂചനകൂടിയാണ് വിജയ്ബാബു കേസെന്ന് വിലയിരുത്തുന്നവരാണ് നിയമരംഗത്തുള്ളവരിൽ ഭൂരിഭാഗവും. സമീപകാലത്തുണ്ടായ കോടതി വിധികൾ ഇരയുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത കീഴ്വഴക്കത്തിൽ നിന്നും വ്യതിചലിക്കുന്നതാണ്. ഉഭയസമ്മതപ്രകാരം വർഷങ്ങളോളം ശാരീരികബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് അത് പീഡനമായി പരാതിപ്പെടുകയും ചെയ്യുന്ന ഇരകളെയും അതിജീവിതകളെയും കണ്ടെത്താൻ കോടതികൾ തയ്യാറാകുന്നു എന്ന വാദവുമുയർത്തുന്നവരുമുണ്ട്. ഇതിന് എത്രമാത്രം സ്വീകാര്യത ലഭിക്കുന്നുവെന്നതിനെക്കുറിച്ച് വിലയിരുത്തേണ്ട സമയമായില്ല. അവി‌ടെയാണ് സംവാദത്തിന്റെ പ്രസക്തി.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ലൈംഗിക പീഡന കേസുകളിലെ പ്രതികളുടെ നിലപാടുകളിലും മാറ്റം ദൃശ്യമാണ്. കുറ്റാരോപണങ്ങൾ നിഷേധിച്ചു കൊണ്ട് മുൻകൂർ ജാമ്യം തേടുന്നതിന് പകരം ഇരയുടെ ആരോപണങ്ങൾ ശരിയെന്നു സമ്മതിക്കുകയും എന്നാൽ പീഡനമല്ല പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധമാണെന്ന് വാദിക്കുകയും ചെയ്യുന്നു. അതിനുതകുന്ന തെളിവുകൾ പ്രതികൾ കോടതിയിൽ നിരത്തുകയും ചെയ്യുന്നത് നമ്മൾ കാണുന്നു. വാട്‌സ്ആപ് ചാറ്റുകളും ഇൻസ്റ്റാഗ്രാം ചിത്രങ്ങളും തെളിവുകളായി മാറുന്നു. പ്രോസിക്യൂഷനും പ്രതികളും ഉയർത്തുന്ന തെളിവുകളും വാദങ്ങളും നീതിയുടെ തുലാസിൽ അളക്കപ്പെടുമ്പോഴാണ് വിധിയായി മാറുന്നത്. കാലത്തിനുതകുന്ന തരത്തിൽ കോടതികളുടെ സമീപനങ്ങളിലും മാറ്റങ്ങളുണ്ടാകാം.