
ആലപ്പുഴ: നീന്തൽ അറിയാവുന്നവർക്ക് പ്ലസ് വൺ പ്രവേശനത്തിൽ രണ്ട് പോയിന്റ് അധികം നേടാൻ സുവർണാവസരമൊരുങ്ങുന്നു. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് ബോണസ് പോയിന്റ് നേടാനുള്ള ടെസ്റ്റ് നാളെ രാവിലെ 9 മണി മുതൽ ആലപ്പുഴ പഗോഡ റിസോർട്ടിലെ ഓപ്പൺ പൂളിൽ സംഘടിപ്പിക്കുന്നത്. ഏകജാലകത്തിൽ അപേക്ഷ സമർപ്പിക്കുന്ന വേളയിൽ മുൻഗണനാ പട്ടികയിലെത്താൻ ബോണസ് പോയിന്റ് ഉപകരിക്കും. കൊവിഡിന് മുമ്പ് 2019ലാണ് ജില്ലയിൽ ഇത്തരത്തിൽ നീന്തൽ ടെസ്റ്റ് സംഘടിപ്പിച്ചത്. അന്ന് 600ഓളം വിദ്യാർത്ഥികൾ ടെസ്റ്റിനെത്തിയിരുന്നു. എല്ലാവർക്കും സർട്ടിഫിക്കറ്റും ലഭിച്ചു. പഗോഡയിലെ 25 മീറ്റർ ഓപ്പൺ പൂളിലാണ് ടെസ്റ്റ്. ജില്ലാ സ്പോർട്സ് കൗൺസിൽ കോച്ച് മനോജ്, അക്വാട്ടിക്സ് അസോസിയേഷൻ കോച്ച് രഞ്ജിത്ത് എന്നിവർ നിരീക്ഷകരാകും. അക്വാട്ടിക്ക് അസോസിയേഷന്റെയോ ഫെഡറേഷന്റെയോ നീന്തൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളവർക്ക് മത്സര സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സ്പോർട്സ് കൗൺസിൽ പുതിയ സർട്ടിഫിക്കറ്റ് നൽകും.
അറിയാതെ പോയ അവസരം
നീന്തൽ അറിയുന്നവർക്ക് ബോണസ് പോയിന്റ് ലഭിക്കുമെന്ന അറിവില്ലാത്തതിനാൽ ധാരാളം വിദ്യാർത്ഥികളാണ് ഓരോ വർഷവും അഡ്മിഷൻ പോയിന്റ് നിലയിൽ പിന്നിലാകുന്നത്. അറിയുന്നവരാവട്ടെ, തദ്ദേശ സ്ഥാപന അദ്ധ്യക്ഷരുടെ കത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പോയിന്റ് നേടിയിരുന്നത്. ടെസ്റ്റ് നടത്താൻ പാകത്തിന് സ്വിമ്മിംഗ് പൂളുകൾ ജില്ലയിലില്ലാത്തതും പരിമിതിയായി. 2018ൽ എൻ.പ്രദീപ്കുമാർ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായി എത്തിയ ശേഷമാണ് ജില്ലയിൽ ബോണസ് പോയിന്റ് നൽകാനുള്ള നീന്തൽ ടെസ്റ്റ് ആരംഭിച്ചത്. 2019ൽ ആദ്യ ടെസ്റ്റ് നടത്തിയെങ്കിലും തുടർന്നുള്ള രണ്ട് വർഷങ്ങളിലും കൊവിഡ് മൂലം ടെസ്റ്റ് നടന്നില്ല.
നിബന്ധനകളില്ല
പൂളിലിറങ്ങുന്ന വിദ്യാർത്ഥിക്ക് നീന്തൽ അറിയാമോ എന്ന് മാത്രമാണ് പരിശോധിക്കുക. നീന്തലിന്റെ വ്യത്യസ്ത സ്റ്റൈലുകളോ കണ്ണടയോ സ്വിമ്മിംഗ് സ്യൂട്ടോ നിർബന്ധമില്ല. എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ്, ആധാറിന്റെ പകർപ്പ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവയുമായി എത്തുന്നവർക്ക് ടെസ്റ്റിൽ പങ്കെടുക്കാം.
ടെസ്റ്റ് തീയതി: ജൂൺ 29
സമയം: രാവിലെ 9 മുതൽ
സ്ഥലം: പഗോഡ റിസോർട്ട്, ചുങ്കം
നീന്തൽ ടെസ്റ്റിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ പരീക്ഷാ മാർക്കിനൊപ്പം രണ്ട് ബോണസ് പോയിന്റ് കൂടി ചേർക്കാൻ സാധിക്കും. ഇത് പ്ലസ് വൺ പ്രവേശനത്തിന് ഉപകാരപ്പെടും
എൻ.പ്രദീപ്കുമാർ, സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ