
അമ്പലപ്പുഴ: തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാവിലെ ദർശനത്തിനെത്തിയ ഭക്തന്റെ പഴ്സാണ് നഷ്ടപ്പെട്ടത്. കായംകുളം എസ്.വി.വാർഡ് ശ്രീതീർത്ഥത്തിൽ രമേശ് ബാബുവും കുടുംബവും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷം കുടുംബാംഗങ്ങളെ അവിടെ നിർത്തി ഒറ്റക്ക് തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തി ദർശനത്തിനു ശേഷം പണം, എ.ടി.എം ക്രെഡിറ്റ് കാർഡുകൾ എന്നിവയടങ്ങിയ പേഴ്സ് കാറിന് മുകളിൽ വെച്ചു.പിന്നീട് തിരിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ടതായി മനസിലായത്. ഉടൻ തന്നെ വിവരം അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. അമ്പലപ്പുഴയിലേക്ക് ബൈക്കിൽ വരുകയായിരുന്ന കുന്നുമ്മ ജീമോൻ ഭവനത്തിൽ ജോസഫ് (ജീമോൻ), പന്ത്രണ്ടിൽ നിമ്മിച്ചൻ എന്നിവർക്ക് തകഴി റെയിൽവേ ഗേറ്റിനരികിൽ കിടന്ന് ഈ പേഴ്സ് ലഭിക്കുകയും ഇവർ ഇതുമായി സ്റ്റേഷനിലെത്തിയപ്പോൾ രമേശ് ബാബുവും എത്തിയിരുന്നു.പിന്നീട് എസ്.ഐ അരുണിൻ്റെ സാന്നിധ്യത്തിൽ യുവാക്കൾ പേഴ്സ് രമേശ് ബാബുവിന് കൈമാറി.