
തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പബ്ലിക് മാർക്കറ്റ് അതി ശോചനീയ അവസ്ഥയിൽ.
ചൊവ്വയും വെള്ളിയുമാണ് ചന്ത ദിനങ്ങൾ.
25,000 ത്തിലധികം ആളുകളാണ് ഓരോ ചന്തു ദിനവും മാർക്കറ്റിൽ എത്തുന്നത്.
ചാരുംമൂട് : ജില്ലയിലെ ഏറ്റവും വലുതും പുരാതനവുമായ താമരക്കുളം മാധവപുരം മാർക്കറ്റ് ശോചനീയാവസ്ഥയിൽ. രണ്ട് ഏക്കറോളം വലിപ്പമുള്ളതാണ് മാധവപുരം പബ്ലിക് മാർക്കറ്റ് . അശാസ്ത്രീയമായി നിർമ്മിച്ച മാർക്കറ്റിന്റെ പ്രധാന കെട്ടിടമായ മത്സ്യ ഹാളും പരിസരവും ആളുകൾക്ക് പ്രവേശിക്കാൻ പോലും കഴിയാത്തത്ര മലിനമാണ്. വായു കയറാത്ത രീതിയിൽ കെട്ടി അടച്ചു നിർമ്മിച്ച ഈ കെട്ടിടത്തിൽ നിന്നും മാലിന്യ പുറത്തേക്ക് ഒഴുകാൻ ഓടയോ, ടാങ്കോ ഇല്ലാത്ത നിലയിലാണ് പ്രവർത്തിക്കുന്നത്. മത്സ്യ വിപണത്തിന് പകുതി തുറന്ന ഓപ്പൺ ഹാളുകളാണ് വേണ്ടത്. വൈദ്യുതി ഇല്ലെങ്കിൽ മത്സ്യമാർക്കറ്റ് ഇരുട്ടിലാണ്. ഈ കെട്ടിടത്തിന് മുകളിൽ ആൽ പോലെയുള്ള സസ്യങ്ങൾ കിളിച്ചു വലിയ കാട് ആയിരിക്കുകയാണ്. മത്സ്യ വ്യാപാരത്തിനായി നിർമ്മിച്ച വലിയ ഹാൾ കഴിഞ്ഞ 10 വർഷത്തിലധികമായി ഉപയോഗശൂന്യമായി അടഞ്ഞുകിടക്കുകയാണ്. ഇതിനു സമീപമുള്ള മറ്റൊരു ഹാളിൽ പഞ്ചായത്തിലെ ഹരിതകർമ്മസേന സമാഹരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ചാക്കുകളിൽ നിക്ഷേപിച്ചിരിക്കുന്നത്. ആയിരത്തോളം ചാക്കുകളിൽ നിറച്ച പ്ലാസ്റ്റിക് മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്യാനുണ്ട്. സമയാസമയങ്ങളിൽ ഇവിടെനിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാത്തതാണ് ഇതുപോലെ മാലിന്യം കുന്നു കൂടാനുള്ള മറ്റൊരു കാരണം.
വനിതാ വികസന കോർപ്പറേഷൻ ഫണ്ടിൽ നിന്ന് വനിതകളുടെ ശാക്തീകരണത്തിനായി നിർമ്മിച്ചിരിക്കുന്ന കെട്ടിടവും പാഴാക്കി ഇരിക്കുകയാണെന്ന് പരാതിയുണ്ട്.
പഞ്ചായത്ത് ഓഫീസിനു തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന
താമരക്കുളത്തുകാരുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായിരുന്ന മാധവപുരം മാർക്കറ്റിന്റെ ഇന്നത്തെ ശോചനീയാവസ്ഥ അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്.
തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പബ്ലിക് മാർക്കറ്റായ താമരക്കുളം മാധവപുരം മാർക്കറ്റിനുള്ളിൽ പഞ്ചായത്തിന്റെ മറ്റു സ്ഥാപനങ്ങൾ കൊണ്ടുവരുന്നതാണ് ഇന്നത്തെ ഈ ശോചനീയാവസ്ഥയുടെ പ്രധാന കാരണം.
-----------------------------------------------------------
പഞ്ചായത്തിലെ ഓരോ പദ്ധതികൾക്കും മറ്റെവിടെയും സ്ഥലം കണ്ടെത്താതെ എളുപ്പത്തിന് മാർക്കറ്റിനുള്ളിലെ സ്ഥലത്ത് ഉൾപ്പെടുത്തുകയാണ് കാലാകാലങ്ങളായി പഞ്ചായത്ത് ഭരിച്ചിരുന്നവർ ചെയ്തത്. അതിന്റെ തിക്തഫലമാണ് ഇന്ന് അനുഭവിക്കേണ്ടി വരുന്നത്.
ആയുർവേദ ആശുപത്രി, പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റ്, വനിതാ വികസന കോർപ്പറേഷൻ ഫണ്ടിൽ നിർമ്മിച്ച കെട്ടിടം, ജനകീയ ഹോട്ടൽ ഇവയെല്ലാം നിൽക്കുന്നത് മാർക്കറ്റിനുള്ളിലാണ്.
മനോജ് താമരക്കുളം
പ്രദേശവാസി
------------------------------------------------
മാർക്കറ്റ് വൃത്തിയാക്കുവാനും സംരക്ഷിക്കാനും പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണം.
ഓടയും ടാങ്കും നിർമ്മിച്ച് മലിനജലം സംസ്കരിക്കാൻ സംവിധാനം ഒരുക്കണം. അശാസ്ത്രീയമായി നിർമ്മിച്ച മത്സ്യ ഹാൾ ശാസ്ത്രീയമായി പുനർ നിർമ്മിക്കണം.
പ്രസാദ് ചത്തിയറ
പൊതുപ്രവർത്തകൻ