
ചാരുംമൂട് : താമരക്കുളത്ത് കാട്ടുപന്നി ശല്യം വ്യാപകമാവുന്നു. ഗ്രാമപഞ്ചായത്ത് ഗുരുനാഥൻകുളങ്ങര എട്ടാം വാർഡിലാണ് കഴിഞ്ഞ ദിവസം കാട്ടുപന്നികൾ കൃഷി നശിപ്പിച്ചത്.
ഗുരുനാഥൻകുളങ്ങര നന്ദനത്തിൽ അശോകന്റെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിലെ 20 തെങ്ങിൻ തൈകളും വാഴകളുമാണ് നശിപ്പിച്ചത്. തെങ്ങിൻ തൈകൾ കുത്തിമറിക്കുകയായിരുന്നു. സമീപമുള്ള തയ്യിൽ കിഴക്കതിൽ വിജയന്റെ കൃഷിയിടത്തിലെ മരച്ചീനികളും നശിപ്പിച്ചു. കൃഷിഭവനിൽ നിന്നും ഉദ്യോഗസ്ഥരെത്തി
കൃഷിനാശം വിലയിരുത്തി.പഞ്ചായത്തിലെ പച്ചക്കാട്, ചത്തിയറ, നെടിയാണിക്കൽ , ചാവടി തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടുപന്നി ശല്യം ഉണ്ടായതിനു പിന്നാലെയാണ് ഗുരുനാഥൻകുളങ്ങര മേഖലയിലും ഇവറ്റകളുടെ ശല്യമുണ്ടായിരിക്കുന്നത്. കാട്ടുപന്നി ശല്യം ഒഴിവാക്കുന്നതിന് പഞ്ചായത്ത് നടപടികൾ സ്വീകരിക്കണമെന്ന് കൃഷിക്കാർ ആവശ്യപ്പെട്ടു.