കുട്ടനാട്: കഴിഞ്ഞ ദിവസങ്ങളിൽ സി.പി.എം ചമ്പക്കുളം ലോക്കൽ കമ്മറ്റിക്കും സെക്രട്ടറിക്കുമെതിരെ പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതമാണന്ന് ചമ്പക്കുളം ലോക്കൽ കമ്മറ്റി പ്രസ്താവിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മാതൃകാ പ്രവർത്തനം നടത്തുന്ന പാർട്ടിയാണ് സി.പി.എം. ചമ്പക്കുളം പഞ്ചായത്തിൽ 13ാം വാർഡിൽ സൈജുവിന്റെ ഭാര്യ ശശികലയുടെ കുടുംബത്തിന് പാർട്ടി അംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഫണ്ട് ശേഖരിച്ച് വീട് നിർമ്മിച്ചു നൽകുന്നതിന് തീരുമാനിച്ചിരുന്നു ആകെ 10 ലക്ഷം രൂപ കണ്ടെത്താനായിരുന്നു പാർട്ടി തിരുമാനം. ഇതിൽ 4ലക്ഷംരൂപ പാർട്ടി അംഗങ്ങളിൽ നിന്നും ബാക്കി തുക പൊതുജനങ്ങളിൽ നിന്നും സമാഹരിക്കാനുമായിരുന്നു തീരുമാനം. ഇതിലേക്ക് എൽ.സി സെക്രട്ടറി കെ.ജി. അരുൺകുമാർ കരാർ ജോലിക്കാരനായ പനത്തറ തോമസുകുട്ടിയെ ഫോണിൽ വിളിക്കുകയും ഫണ്ട് അഭ്യർത്ഥിക്കുകയും ചെയ്തു. അന്ന് ഫണ്ട് നൽകാമെന്ന് ഏറ്റെങ്കിലും പിന്നീട് അദ്ദേഹം ഫോൺ എടുത്തില്ല. തുടർന്ന് നാട്ടായം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി കെ.കെ.ശശിധരന്റെ ഫോണിൽ നിന്ന് ബന്ധപ്പെട്ടപ്പോൾ തോമസുകുട്ടി അരുൺകുമാറിനോട് മോശമായി പെരുമാറി . ഇയാളുടെ വീട്ടിലെത്തി ഈ വിഷയം സംസാരിച്ചു തീർക്കുക മാത്രമാണ് ഉണ്ടായതെന്നും ലോക്കൽ കമ്മറ്റി വ്യക്തമാക്കി