ആലപ്പുഴ: ട്രാഫിക് നിയമലംഘനത്തിന് ഓൺലൈനായി പിഴ ഈടാക്കുന്ന ഇ ചെല്ലാൻ സംവിധാനം വീണ്ടും റെഡി. കഴിഞ്ഞ അഞ്ചുദിവസമായി സോഫ്റ്റ്വെയറിലെ സാങ്കേതിക തകരാർ മൂലം ഇ ചെല്ലാൻ സംവിധാനം നിശ്ചലമായിരുന്നു.

നാഷണൽ ഇൻഫൊമാറ്റിക് സെന്ററാണ് സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുള്ളത്. സംവിധാനം തകരാറിലായതോടെ നിയമലംഘനത്തിന് പിടിയിലായവർക്ക് പിഴയീടാക്കുന്നതിനും വാഹനപരിശോധനാ സംഘത്തിന് ചെക്ക് റിപ്പോർട്ടും നൽകുന്നിനും കഴിയാതെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിലായി. ഇതുമൂലം ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. ജില്ലയിൽ ഏഴ് സ്ക്വാഡുകളുകളും സബ് റീജിയണൽ ഓഫീസുകളുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും പരിശോധന നടത്തുന്നുണ്ട്. പ്രതിമാസം അരക്കോടിയിൽ അധികം രൂപ വാഹന പരിശോധനാ ഇനത്തിൽ ഇചെല്ലാൻ വഴി മട്ടോർ വാഹനവകുപ്പ് പിഴയടപ്പിക്കുന്നുണ്ട്. ശരാശരി ഒരു ദിവസം ഒന്നര മുതൽ രണ്ടുലക്ഷം രൂപവരെയാണ് പിഴ ഈടാക്കുന്നത്. പിഴയടപ്പിക്കുന്നവരിൽ കൂടുതൽ പേരും ഇരുചക്ര വാഹനക്കാരാണ്.

കഴിഞ്ഞ കുറേ ദിവസങ്ങളായി സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. യഥാർത്ഥ തകരാർ എന്താണെന്നു കണ്ടെത്താതെ താത്കാലികമായി പരിഹരിച്ച് പ്രവർത്തനം നടത്തുകയായിരുന്നു. ഒരാഴ്ചയായി സാങ്കേതിക പ്രശ്‌നം തുടരുന്നതിനാൽ പരിശോധനയുടെ എണ്ണം കുറഞ്ഞു. പ്രതിമാസം കോടിയിലധികം രൂപയാണ് ആകെ ഇചെല്ലാൻ വഴി പിഴയായി ഈടാക്കിയത്.

# ഓപ്പറേഷൻ റേസ് ഫലപ്രദമായില്ല

വിഴിഞ്ഞം സംഭവത്തെ തുടർന്ന് മോട്ടോർ വാഹനവകുപ്പിന്റെ ഓപ്പറേഷൻ റേസ് ഉൾപ്പെടെയുള്ള പരിശോധനകൾ പ്രതിസന്ധിയിലായി. ഇരുചക്രവാഹനങ്ങളുടെ നിയമലംഘനവും അമിത വേഗതയും നിയന്ത്രിക്കുന്നതിനായി ഒരാഴ്ചക്കാലത്തേക്ക് സർക്കാർ ഏർപ്പെടുത്തിയതാണ് ഓപ്പറേഷൻ റേസ്. ആദ്യത്തെ മൂന്ന് ദിവസവും ഇ ചെല്ലാൻ പണിമുടക്കിയതോടെ ഇത് റേസ് നടന്നില്ല.

എന്താണ് ഇ ചെല്ലാൻ ?

വാഹന പരിശോധനയും പിഴയടയ്ക്കലും എളുപ്പമാക്കുന്ന സംവിധാനമാണ് ഇ ചെല്ലാൻ. വാഹനം തടഞ്ഞുനിർത്താതെ തന്നെ, നിയമലംഘനത്തിന്റെ ഫോട്ടോയെടുത്തു നടപടി സ്വീകരിക്കുവാൻ കഴിയും. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള പ്രത്യേക ഉപകരണത്തിൽ വാഹന നമ്പരോ ഡ്രൈവിംഗ് ലൈസൻസ് നമ്പരോ നൽകിയാൽ വിവരങ്ങളറിയാം. വാഹനപരിശോധനയ്ക്കിടെ രേഖകൾ നേരിട്ടുപരിശോധിക്കുന്നതുമൂലമുള്ള സമയ നഷ്ടം പരിഹരിക്കാനും സാധിക്കും. പിഴ അടയ്ക്കാനുളളവർക്ക് ഓൺലൈൻ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം അടയ്ക്കാനും കഴിയും.

......................................

"അഞ്ചുദിവസമായി ഉണ്ടായിരുന്ന ഇ ചെല്ലാന്റെ സോഫ്റ്റ് വെയറിലുള്ള സാങ്കേതിക തകരാർ പരിഹരിക്കപ്പെട്ടു. ഓപ്പറേഷൻ റേസ് ഉൾപ്പെടെയുള്ള പരിശോധനകളുടെ പ്രതിസന്ധി ഒഴിവായി.

മോട്ടോർ വാഹന വകുപ്പ്, ആലപ്പുഴ