
ആലപ്പുഴ: സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും തടഞ്ഞുകൊണ്ടുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പാരലൽ കോളേജുകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു. പ്ലസ് ടു പരീക്ഷാഫലം വന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ അഡ്മിഷന് വേണ്ടി പാരലൽ കോളേജുകളെ സമീപിക്കുന്ന സമയമാണിത്. വിദൂരവിദ്യാഭ്യാസവും, പ്രൈവറ്റ് രജിസ്ട്രേഷനും ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് നൽകാനാണ് തീരുമാനം.
എന്നാൽ,ഈ സർവ്വകലാശാലയ്ക്ക് യു.ജി.സി അംഗീകാരം ലഭിക്കാനുള്ള കാലതാമസമാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും സമാന്തര സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭാവി ഇരുട്ടിലാക്കുന്നത്. കഴിഞ്ഞ അദ്ധ്യയന വർഷവും ഇതേ കാരണത്താൽ പ്രൈവറ്റ് രജിസ്ട്രേഷൻ ആദ്യം തടഞ്ഞിരുന്നു. ഒടുവിൽ ഏറെ വൈകിയാണ് രജിസ്ട്രേഷനുള്ള അനുമതി നൽകിയതും, വിദ്യാർത്ഥികൾക്ക് വിവിധ കേഴ്സുകളിൽ പ്രവേശനം നേടാനായതും.
റെഗുലർ വിദ്യാർത്ഥികളുടെ അതേ സിലബസ് പഠിച്ച് ഒരേ പരീക്ഷയെഴുതുന്ന പ്രൈവറ്റ്, - വിദൂര പഠന വിദ്യാർത്ഥികൾക്ക് തത്തുല്യ ബിരുദമാണ് കേരള സർവ്വകലാശാലയടക്കം നൽകുന്നത്. എന്നാൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബിരുദം തുടർവിദ്യാഭ്യാസത്തിനും, തൊഴിൽ നേടുന്നതിനും പര്യാപ്തമാണോയെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്ന് പാരലൽ കോളേജ് അസോസിയേഷനുകൾ പറയുന്നു. വിദുര പഠന രജിസ്ട്രേഷന് സാധാരണ വാങ്ങാറുള്ളതിനെക്കാൾ അധിക ഫീസ് ഈടാക്കുമെന്ന സൂചനയുമുണ്ട്. പ്രൈവറ്റായി പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിൽക്കുന്നവരാണ്. ഇവർക്ക് ലഭിക്കുന്ന വിവിധ ഗ്രാന്റ്, ആനുകൂല്യങ്ങൾ, യാത്രാസൗകര്യങ്ങൾ തുടങ്ങിയവ തുടർന്ന് ലഭിക്കാതായാൽ ധാരാളം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാകും.
എല്ലാവരും കൊല്ലത്തേക്ക്
കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലെ വിദ്യാർത്ഥികൾ പോലും രജിസ്ട്രേഷന് വേണ്ടി ഓപ്പൺ സർവ്വകലാശാലയുടെ ആസ്ഥാനമായ കൊല്ലത്തേക്ക് എത്തേണ്ടിവരുന്നതിലെ ബുദ്ധിമുട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. വിദേശങ്ങളിലെ ജോലിക്കൊപ്പം നാട്ടിലെ കോഴ്സിന് വിദൂരപഠന സംവിധാനം വഴി ചേരുന്ന ധാരാളം പേരുണ്ട്. പലർക്കും ജോലിയിലെ സ്ഥാനക്കയറ്റത്തിനടക്കം ഉന്നത യോഗ്യത അഭികാമ്യമാണ്. അത്തരത്തിലുള്ളവരെയും ത്രിശങ്കുവിലാക്കുന്ന സമീപനമാണ് നിലവിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
കരകയറാനാവാതെ
ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച പ്രതിസന്ധിയിൽ നിന്ന് പാരലൽ കോളേജുകൾ ഇനിയും കരകയറിയിട്ടില്ല. പല സ്ഥാപനങ്ങളും വരുമാനമില്ലാതെയും, ശമ്പളം കൊടുക്കാനാവാതെയും പൂട്ടിക്കഴിഞ്ഞു. പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പോലും 200 വിദ്യാർത്ഥികൾ ഇരുന്ന ക്ലാസ് മുറികളിൽ കേവലം അഞ്ച് പേർ പഠിക്കാനെത്തുന്ന സ്ഥിതിയുണ്ട്. പ്രൈവറ്റ് രജിസ്ട്രേഷൻ തടഞ്ഞതോടെ, ഈ അദ്ധ്യയന വർഷത്തിലും വിദ്യാർത്ഥികൾക്ക് എപ്പോൾ പ്രവേശനം നൽകാൻ സാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
പ്രധാന കോളേജുകളിൽ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികളും പതിനായിരക്കണക്കിന് പാരലൽ കോളേജുകളും ഓപ്പൺ .യൂണിവേഴ്സിറ്റിക്ക് അംഗീകാരം ലഭിക്കുന്ന സമയം വരെ എന്തുചെയ്യണമെന്ന് വ്യക്തമല്ല. അടിയന്തരമായി തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ തയാറാവണം
-വിനോദ് ഭദ്രൻ, ജില്ലാ സെക്രട്ടറി, പാരലൽ കോളേജ് അസോസിയേഷൻ