
ബണ്ടുകൾ ഉയർത്തണമെന്ന് പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു
മാന്നാർ: അപ്പർ കുട്ടനാടൻ കാർഷിക മേഖലയായ മാന്നാർ ഗ്രാമപഞ്ചായത്തിലെ കുരട്ടിശ്ശേരി പുഞ്ച ഇരുപ്പൂ കൃഷിക്ക് അനുയോജ്യമാക്കുന്നതിനു മുക്കം വാലേൽ, മൂർത്തിട്ട-മുക്കാത്താരി ബണ്ടുകൾ ഉയർത്തണമെന്ന് മാന്നാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വണ്ടപ്പണ്ടാരിയിൽ നിലവിലുള്ള കലുങ്ക് വളരെയധികം ഉയർന്നും അപ്രോച്ച് റോഡുകൾ താഴ്ന്നുമായയതിനാൽ യാത്രക്കനുയോജ്യമായ നിലയിൽ കലുങ്ക് പുനർ നിർമ്മിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ബണ്ടുകൾ ഉയർത്തുന്നതോടെ കാർഷിക മേഖല അഭിവൃദ്ധിപ്പെടുകയും ഇരുപ്പൂ കൃഷിക്ക് അനുയോജ്യമായി മാറുകയും ചെയ്യും.
മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽപ്പെട്ട കുരട്ടിശ്ശേരി പുഞ്ചയിലെ പാവുക്കര, വിഷവർശ്ശേരിക്കര ഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറോളം ഏക്കർ വരുന്ന പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും, അല്ലെങ്കിൽ കർഷകർ കൃഷി ഉപേക്ഷിക്കുമെന്നും കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് എൽ.ഡി.ഫ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ വി.ആർ.ശിവപ്രസാദ് മാന്നാർ ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയിൽ അടിയന്തിരമായി വിഷയം അവതരിപ്പിച്ചതിനെ തുടർന്നാണ് ബണ്ടുകൾ ഉയർത്തണമെന്ന ആവശ്യം പ്രമേയത്തിലൂടെ സർക്കാരിനോട് ഉന്നയിച്ചത്.
കർഷകരുടെ ആവശ്യം
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുവരെ കൃഷി ഉപേക്ഷിക്കാൻ മാന്നാർ കൃഷിഭവന്റെ കീഴിലുള്ള കുടവള്ളാരി എ,ബി, കണ്ടംകേരി, വേഴത്താർ, നാലുതോട്, അരിയോടിച്ചാൽ എന്നീ പാടശേഖരങ്ങളിലെ കർഷകപ്രതിനിധികൾ പങ്കെടുത്ത സംയുക്തയോഗത്തിൽ തീരുമാനമെടുത്തിരുന്നു. മുക്കം-വാലേൽ, മൂർത്തിട്ട മുക്കാത്താരി ബണ്ടുറോഡുകൾ, റാമ്പുകൾ, മോട്ടോറുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം. പഞ്ചായത്ത് വികസന സെമിനാറിൽ കർഷകരും പൊതുപ്രവർത്തകരും ഇതേ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.