
മാന്നാർ: ഓണവിളവെടുപ്പിനായി മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിൽ 'ഹരിതജീവനം' പദ്ധതിയിൽ പച്ചക്കറി കൃഷി ഒരുങ്ങുന്നു. ഞങ്ങളും കൃഷിയിലേക്ക്' , 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതി പ്രകാരം മാന്നാർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, മാന്നാർ കൃഷിഭവൻ, കുടുംബശ്രീ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മാന്നാർ അസി.എൻജിനീയറുടെ കാര്യാലയം, പെർഫോർമൻസ് ഓഡിറ്റ് എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഒത്തൊരുമിച്ചാണ് 'ഹരിതം ജീവനം' എന്ന പേരിൽ മാന്നാർ ഗ്രാമപഞ്ചായത്ത് വളപ്പിൽ ചെടിച്ചട്ടികളിൽപച്ചക്കറി കൃഷി ഒരുക്കുന്നത്.
കൃഷി ചെലവിനുള്ള തുക ഗ്രാമപഞ്ചായത്ത് അംഗങ്ങളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും തുല്യമായി സംഭാവന ചെയ്താണ് 'ഹരിതം ജീവനം' നടപ്പിലാക്കുന്നത്. പഞ്ചായത്തിൽ ഇന്ന് നടക്കുന്ന ഞാറ്റുവേല ചന്തയോടനുബന്ധിച്ച് ഹരിതം ജീവനം പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കും.
മാന്നാർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഞാറ്റുവേലചന്തയും കർഷക സഭയും ഇന്ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ് ഉദ്ഘാടനം ചെയ്യും.