ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണ് അന്യ സംസ്ഥാനത്തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി മുകേഷ് ഗോസ്വാമി (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊൽക്കത്ത സ്വദേശി കൗശിഖ് റാണ (32) പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ജനറൽ ആശുപത്രിൽ നിർമ്മാണം നടക്കുന്ന പുതിയ ഒ.പി സമുച്ചയ പരിസരത്തായിരുന്നു അപകടം. ഓടനിർമ്മിക്കുന്നതിനായി പഴയ ചുറ്റുമതിലിനോടുചേർന്ന് കരാർ കമ്പനിയുടെ നേതൃത്വത്തിൽ കുഴിയെടുത്ത് നിർമ്മാണം നടക്കുന്നതിനിടെയാണ് മതിലിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീണത്. കുടുങ്ങിപ്പോയ തൊഴിലാളികളെ ജെ.സി.ബി ഉപയോഗിച്ചും മറ്റു തൊഴിലാളികൾ ചേർന്നുമാണ് പുറത്തെടുത്തത്. ജനറൽ ആശുപത്രിയിലെ ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇരുവരെയും മാറ്റിയെങ്കിലും മുകേഷിനെ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള കൗശിഖ് റാണയ്ക്ക് മുഖത്തും കാലിനുമാണ് പരിക്ക്. ഇന്ന് പോസ്റ്റ്മോർട്ടം നടന്നി മുകേഷിന്റെ മൃതദേഹം സ്വദേശത്ത് എത്തിക്കും.