ചേർത്തല :കണ്ടമംഗലം ആറാട്ടുകുളം ശക്തി വിനായക ക്ഷേത്രം ശ്രീകോവിൽ പ്രതിഷ്ഠയും ത്രി ശക്തി സമീക്ഷാ സത്രത്തിന്റെയും ഭാഗമായുള്ള വിഗ്രഹ ഘോഷയാത്ര ജുലായ് ഒന്നിന് പഴനി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും.
ക്ഷേത്ര അടിവാരത്തെ പാദ ഗണപതി ക്ഷേത്ര സന്നിധിയിൽ നിന്നും രാവിലെ 8 ന് പ്രത്യേകം അലങ്കരിച്ച രഥത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിഗ്രഹ ഘോഷയാത്ര പ്രയാണം തുടങ്ങും.പഴനി ക്ഷേത്രം തന്ത്റി അമൃത ലിംഗ അയ്യർ ദീപ പ്രകാശനം നടത്തും. പഴനി എം.എൽ.എ ശെന്തിൽ കുമാർ ഉദ്ഘാടനം ചെയ്യും. ദിലീപ് പൊള്ളാച്ചി,കൊച്ചനിയൻ ചോറ്റാനിക്കര എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഉടുമ്പൻ പേട്ട,പൊള്ളാച്ചി, ഗോവിന്ദപുരം,പാലക്കാട്,തൃശൂർ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ വരവേൽപ്പിന് ശേഷം പള്ളൂരുത്തി ഭവാനിശ്വര ക്ഷേത്രത്തിൽ ആദ്യ ദിനത്തിലെ ഘോഷയാത്ര സമാപിക്കും.
2 ന് രാവിലെ അവിടെ നിന്നും 8 ന് ആരംഭിക്കുന്ന രഥഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 3 ന് രാത്രി കണ്ടമംഗലം ക്ഷേത്രത്തിൽ സമാപിക്കും. ജുലായ് 5 മുതൽ 14 വരെയാണ് ശ്രീകോവിൽ പ്രതീഷ്ഠാ ചടങ്ങുകൾ നടക്കുക. ഇതിന്റെ ഭാഗമായി അഡ്വ.ടി.ആർ. രാമനാഥൻ,പള്ളിക്കൽ സുനിൽ,വിമൽ വിജയ് എന്നിവർ ആചാര്യൻമാരായി ത്രിശക്തി സമീക്ഷാ സത്രവും നടക്കും.