
തുറവൂർ: മാതൃകാ സുരക്ഷാ ഇടനാഴിയുടെ പരിധിയിൽ വരുന്ന അരൂർ - ഒറ്റപ്പുന്ന നാലുവരി ദേശീയ പാതയിലെ വെള്ളക്കെട്ട് അപകടഭീഷണിയാകുന്നു . ചെറിയ ഒരു മഴയിൽ പോലും പാതയിൽ പെയ്ത്തുവെള്ളം നിറയും. റോഡിന്റെ പകുതിയോളം ഭാഗത്ത് നീളത്തിൽ കെട്ടിക്കിടക്കുന്ന വെള്ളം നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ദേശീയപാതയോരത്ത് വെള്ളം കെ ട്ടി നിൽക്കുന്നതു മൂലം കാൽനടയാത്രക്കാർ റോഡിന്റെ മദ്ധ്യത്തിലേക്ക് കയറി സഞ്ചരിക്കുന്നത് ജീവന് ഭീഷണിയാണ്. നിരന്തരം വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ അപകട മുന്നറിയിപ്പുകളോ, രാത്രികാലങ്ങളിൽ സുരക്ഷാ അടയാള വിളക്കുകളോ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ പാതയിലൂടെ പാഞ്ഞു വരുന്ന വാഹനങ്ങൾ പെട്ടെന്ന് വെള്ളക്കെട്ടിലകപ്പെട്ട് നിയന്ത്രണം തെറ്റുന്നത് പതിവാണ്.
പാതയിലെ ചിലയിടങ്ങളിൽ ഉള്ള പഴയ കാനകളാകട്ടെ മണ്ണും അഴുക്കും നിറഞ്ഞ് കിടക്കുകയാണ്. അധികൃതർ കാലാകാലങ്ങളിൽ ഇവ വൃത്തിയാക്കാത്തതിനാൽ നിലവിൽ കാനയിലൂടെ വെള്ളം ഒഴുകിപ്പോകുന്നില്ല. നിരന്തര മുറവിളികൾക്കൊടുവിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിഞ്ഞയിടെ ദേശീയപാത അതോറിട്ടിയുടെ നേതൃത്വത്തിൽ പുതിയ കാനകൾ നിർമ്മിച്ചുവെങ്കിലും അശാസ്ത്രീയമായ നിർമ്മാണം മൂലം കാര്യമായ പ്രയോജനമില്ലാത്ത സ്ഥിതിയാണെന്നാണ് നാട്ടുകാരുടെ പരാതി.
ഒന്നിലേറെ അപകട മരണം നടന്ന കോടംതുരുത്ത് ബസ് സ്റ്റോപ്പിൽ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 500 മീറ്റർ നീളത്തിൽ 67 ലക്ഷം രൂപ വിനിയോഗിച്ച് രണ്ട് വർഷം മുൻപ് നിർമ്മിച്ച കാന നോക്കുകുത്തിയാണിപ്പോഴും . മഴക്കാലത്ത് ഉണ്ടാകുന്ന കനത്ത വെള്ളക്കെട്ട് ഇവിടെ ഇപ്പോഴുമുണ്ട്. 22 കിലോമീറ്റർ വരുന്ന അരൂർ - ഒറ്റപ്പുന്ന ദേശീയ പാതയിൽ അരൂർ, ചന്തിരൂർ, എരമല്ലൂർ, കോടംതുരുത്ത്, പാട്ടുകുളങ്ങര, പട്ടണക്കാട്, തങ്കിക്കവല എന്നിവിടങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമായിട്ടില്ല.