കായംകുളം: മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന കായംകുളം നഗരസഭയുടെ അറവുശാലയുടെ പ്രവർത്തനം നിറുത്തിവയ്ക്കാനും ആവശ്യമായ അനുമതി ലഭ്യമായ ശേഷം പ്രവർത്തിപ്പിക്കുവാനും മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.

പീപ്പിൾ പൊളിറ്റിക്കൽ ഫോറം സെക്രട്ടറി വിശ്വരൂപന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറവുശാലയുടെ മാലിന്യം തൊട്ടടുത്ത കരിപ്പുഴ തോട്ടിലേയ്ക്ക് ഒഴുക്കി വിടുന്നതായും മലിന ജല സംസ്കരണത്തിനായി സ്ഥാപിച്ച ട്രീറ്റ്മെന്റ് പ്ളാന്റ് പ്രവർത്തന രഹിതമാണന്നും ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. കമ്മിഷന്റെ പരിശോധനയിൽ ആരോപണങ്ങൾ സത്യമാണന്ന് ബോദ്ധ്യമായി. ഇത് സംബന്ധിച്ച് നഗരസഭയ്ക്ക് നോട്ടീസ് നൽകിയിട്ടും നടപടി സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയ ശേഷം മാത്രം അറവുശാല പ്രവർത്തിപ്പിച്ചാൽ മതിയെന്ന് കായംകുളം നഗരസഭയ്ക്ക് നിർദ്ദേശം നൽകിയത്.