
പൂച്ചാക്കൽ : പ്രാഥമിക ശുശ്രൂഷ നൽകുന്നതിലും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും വിദ്യാർത്ഥികളെ സജ്ജരാക്കാനുള്ള പദ്ധതിക്ക് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം സംഘടിപ്പിക്കുന്ന ബ്ലോക്ക് തല ആരോഗ്യമേളയുടെ ഭാഗമായാണ് അഗ്നി രക്ഷാ സേനയുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ബ്ലോക്ക് തലത്തിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 1500 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. അരൂക്കുറ്റി വടുതല ജമാ അത്തെ ഹൈസ്‌കൂളിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഡിവിഷൻ മെമ്പർ എൻ.കെ അനീസ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ റാഹില, മെഡിക്കൽ ഓഫീസർ ഡോ.സേതുമാധവൻ, ഇൻസ്‌പെക്ടർ എ.എസ്. മനോജ്, രജീഷ് എന്നിവർ സംസാരിച്ചു. ഡോ.അരുൺ മിത്ര, ഫയർ ആൻഡ് റെസ്‌ക്യു അരൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ബിജുകെ ഉണ്ണി, എം.ജെ അർജുൻ എന്നിവർ ക്ലാസെടുത്തു.