s

ആലപ്പുഴ: 'നിർമ്മല ഭവനം നിർമ്മല നഗരം 2.0 അഴകോടെ ആലപ്പുഴ" ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴ നഗരസഭയിലെ 13 വാർഡുകൾ കൂടി ശുചിത്വ പദവിയിലേക്ക് കുതിക്കുന്നു. ഇതോടെ നഗരസഭയിലെ പകുതി വാർഡുകളും സമ്പൂർണ ശുചിത്വ പദവി സ്വന്തമാക്കും. ഇടത്തോടുകളുടെയും തെരുവുകളുടെയും ശുചീകരണവും നവീകരണവും നിലനിർത്താൻ വാർഡുകളിൽ രൂപീകരിച്ചിട്ടുള്ള ജനകീയ സമിതികളുടെയും, നഗരസഭ നൈറ്റ് സ്ക്വാഡുകളുടെയും പ്രവർത്തനം ഊർജ്ജിതമാക്കി.

ശുചിത്വ നഗരം സജ്ജമാക്കുന്നതിനുള്ള നാലാം ഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ഹരിതകർമ്മസേനയുടെ അജൈവമാലിന്യ ശേഖരണം പ്രാവർത്തികമാക്കി, പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയാത്ത ശുചിത്വ സംസ്‌കാരം ജനങ്ങളിൽ വളർത്തിയെടുത്ത് മുഴുവൻ വീടുകളെയും പ്രദേശങ്ങളെയും മാലിന്യമുക്തമാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. ഓരോ വാർഡിലും 50 വീടുകളെ ഒരു ക്ലസ്റ്ററായി തിരിച്ച് എല്ലാ വീടുകളിലും ബയോബിൻ വിതരണവും പ്ലാസ്റ്റിക് മാലിന്യങ്ങൾ യൂസർഫീ നൽകി ഹരിതകർമ്മ സേനയെ ഏൽപ്പിക്കുമെന്ന സമ്മതപത്രം വാങ്ങുന്ന പ്രവർത്തനവും കുട്ടികളുടെ ശുചിത്വ സന്ദേശ പോസ്റ്റർ മത്സരം,പെയിന്റിംഗ് മത്സരം, പ്രസംഗ മത്സരം, ശുചിത്വ സന്ദേശ ജാഥ, ശുചിത്വ ദീപം തെളിക്കൽ, കുട്ടികളുടെ സൈക്കിൾ റാലി തുടങ്ങിയ പ്രചാരണ പരിപാടികളുമാണ് ശുചിത്വ പദവി നേടുന്നതിന് മുന്നോടിയായി വാർഡുകളിൽ ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുക.

52 : നവംബർ ഒന്നിന് 52 വാർഡുകളും സമ്പൂർണ ശുചിത്വ പദവി നേടിയെടുക്കുകയാണ് ലക്ഷ്യം

സമ്പൂർണ ശുചിത്വ പദവി നേടിയ വാർഡുകൾ

കറുകയിൽ, എം.ഒ വാർഡ്, ആലിശ്ശേരി, കുതിരപ്പന്തി, പവർ ഹൗസ്, തിരുവമ്പാടി, ഇരവുകാട്, കൊമ്മാടി, വലിയമരം, തുമ്പോളി, സിവിൽസ്റ്റേഷൻ, വാടക്കനാൽ, തോണ്ടൻകുളങ്ങര

ശുചിത്വ പദവിയിലേക്ക് കുതിക്കുന്ന വാർഡുകൾ

ഹൗസിംഗ് കോളനി, സനാതനപുരം, കരളകം, ജില്ലാ കോടതി, വാടയ്ക്കൽ, മുല്ലയ്ക്കൽ, കൈതവന, മന്നത്ത്, മുല്ലാത്തുവളപ്പ്, പുന്നമട, പൂന്തോപ്പ്, കളർകോട്, റെയിൽവേ സ്റ്റേഷൻ

ആലപ്പുഴ നഗരസഭ ഏറ്റെടുത്ത ഏറ്റവും വലിയ ജനകീയ കാമ്പയിനുകളിൽ ഒന്നാണ് അഴകോടെ ആലപ്പുഴ. മികച്ച നേതൃപാടവമാണ് കൗൺസിലർമാർ കാഴ്ചവയ്ക്കുന്നത്. നഗരസഭയ്ക്ക് കീഴിലെ മുഴുവൻ വീടുകളെയും പ്രദേശങ്ങളെയും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം

- സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ