
ആലപ്പുഴ: പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ അധികമായി രണ്ട് ബോണസ് പോയിന്റ് ലഭിക്കാനുള്ള നീന്തൽ ടെസ്റ്റിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 120 വിദ്യാർത്ഥികൾ പങ്കെടുത്തു. ആലപ്പുഴ പഗോഡ റിസോർട്ടിലെ വാട്ടർ പൂളിൽ ഇന്നലെ രാവിലെ 9.30 മുതലായിരുന്നു ടെസ്റ്റ്. പങ്കെടുത്ത 115 ആൺകുട്ടികളും 5 പെൺകുട്ടികളും വിജയിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അർജുന പി.ജെ.ജോസഫ്, സെക്രട്ടറി എൻ.പ്രദീപ് കുമാർ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം കെ.കെ.പ്രതാപൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം ടി.ജയമോഹൻ, പരിശീലകരായ എം.ബി.മനോജ്, രഞ്ജിത്, ജസ്റ്റിൻ തോമസ്, പി.കെ.രാജിമോൾ, കെ.എ.ജെറോം എന്നിവർ നേതൃത്വം നൽകി. നീന്തൽ മത്സരങ്ങളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുള്ളവർ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, രണ്ട് ഫോട്ടോ എന്നിവയുമായി സ്പോർട്സ് കൗൺസിൽ ഓഫീസിലെത്തിയാൽ അവർക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകുമെന്ന് സെക്രട്ടറി എൻ.പ്രദീപ് കുമാർ പറഞ്ഞു.