s

വെള്ളപ്പൊക്കഭീതി ഒഴിയുന്നില്ല

ഹരിപ്പാട് : ആരംഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും നദികളുടെ ആഴം കൂട്ടൽ ജോലികൾ എങ്ങുമെത്താത്തതിനാൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ ജനങ്ങളിൽ പ്രളയഭീതി വിട്ടൊഴിയുന്നില്ല. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്നതിനും കുട്ടനാടിന്റെ തെക്കൻ പ്രദേശങ്ങളെ വെള്ളക്കെടുതിയിൽ നിന്ന് തടഞ്ഞ് ഭക്ഷ്യോത്പാദനത്തിന് ആക്കം കൂട്ടുന്നതിനുമായാണ് അച്ചൻ കോവിൽ, പമ്പ നദികളിൽ അടിഞ്ഞു കിടക്കുന്ന മണലും ചെളിയും എക്കലും നീക്കം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. അച്ചൻകോവിൽ,പമ്പ നദികളുടെ സംഗമ സ്ഥാനമായ വീയപുരം തുരുത്തേൽ കടവ് മുതൽ കരുവാറ്റ ലീഡിംഗ് ചാനൽ വഴി തോട്ടപ്പള്ളി സ്പിൽവേ പൊഴി വരെ 11 കിലോമീറ്റർ ദൈർഘ്യത്തിൽ ആഴം കൂട്ടുമെന്നായിരുന്നു പ്രഖ്യാപനം.

ഇതിനായി കൊട്ടാരക്കര ആസ്ഥാനമായ കമ്പനിക്ക് കരാർ നൽകുകയും ചെയ്തു. കഴിഞ്ഞ കാലവർഷ സീസണോടനുബന്ധിച്ച് നദിയിലെ മണൽ ശേഖരമുള്ള പ്രദേശത്ത് ട്രഡ്ജർ ഉപയോഗിച്ച് ഖനനം നടത്തിയിരുന്നു . എന്നാൽ എക്കലും ചെളിയുമടിഞ്ഞ പ്രദേശങ്ങൾ ആഴം കൂട്ടാതെ കമ്പനി പിന്മാറി. കിഴക്കൻ വെള്ളത്തെയോ മഴവെള്ളത്തെയോ ഉൾക്കൊള്ളാൻ നദികൾക്ക് കഴിയാതായതാണ് കുട്ടനാടൻ ജനതയുടെ ദുരിതത്തിന് കാരണം.

മഴ പെയ്താൽ ശരണം ക്യാമ്പുകൾ

നദികൾക്ക് ആഴമില്ലാത്തതിനാൽ ചെറിയ മഴ പെയ്താൽ പോലും നെൽകൃഷിയും കരകൃഷിയും നശിക്കും. നദീതീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളുടെ വീടുകൾ ബലക്ഷയം സംഭവിച്ച് തകർച്ചാഭീഷണി നേരിടുന്നു. ചെറിയ വെള്ളപ്പൊക്കത്തിൽ പോലും ക്യാമ്പുകളിലേക്ക് മാറേണ്ട സ്ഥിതിയിലാണ് താമസക്കാർ. നദിയിലെ മണലും ചെളിയും നീക്കം ചെയ്യുന്നതിന് പ്രാദേശികമായ സാഹചര്യം സൃഷ്ടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതാത് മേഖലകളിലെ ഗ്രാമപഞ്ചായത്തുകൾ വഴി പദ്ധതി പ്രാവർത്തികമാക്കാൻ നടപടി സ്വീകരിച്ചാൽ നദി ആഴംകൂട്ടൽ ജോലികൾ ഫലപ്രദമായി നടത്താൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം ഒരു പരിധി വരെ തടയാൻ കഴിയുന്ന പദ്ധതിയാണ് നദികളുടെ ആഴം കൂട്ടൽ. എന്നാൽ കരാർ എടുത്തവർ ഉപേക്ഷിച്ചു പോയിട്ടും തുടർ നടപടികൾക്ക് അധികൃതർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്‌

- അൻസാർ, പ്രദേശവാസി

ഓരോ വർഷവും കൃഷി ഇറക്കുന്ന കർഷകർക്ക് സംരക്ഷണം നൽകേണ്ടവർ മൗനം പാലിക്കുകയാണ്. നദികളുടെ ആഴം കൂട്ടി കൃഷിയെയും വീടുകളെയും സംരക്ഷിക്കാൻ വേണ്ട നടപടി അടിയന്തരമായി സ്വീകരിക്കണം

- മുരുകൻ,കർഷകൻ