ആലപ്പുഴ: ഭർത്താവ് ഒഴിവാക്കാൻ ശ്രമിച്ചതിലെ മനോവിഷമത്തിൽ കടലിൽ ചാടി ജീവനൊടുക്കാൻ ആലപ്പുഴ ബീച്ചിലെത്തിയ യുവതിയെ ടൂറിസം പൊലീസ് രക്ഷിച്ചു. ഇന്നലെ രാവിലെ 11മണിയോടെയാണ് കന്യാകുമാരി സ്വദേശിയായ 23കാരി ബീച്ചിലെത്തിയത്. കാറ്റാടി ഭാഗത്ത് കടലിലേക്കിറങ്ങുന്നത് പൊലീസ് തടഞ്ഞപ്പോൾ ഓടിപ്പോയ യുവതിയെ രണ്ടു കിലോമീറ്റർ പിന്തുടർന്ന് വാടയ്ക്കൽ ഷൻമുഖവിലാസം സ്‌കൂളിന് സമീപത്ത് നിന്നാണ് പിടികൂടിയത്. ഫേസ് ബുക്ക് വഴി പരിചയപ്പെട്ട് വിവാഹം ചെയ്ത പാലക്കാട് സ്വദേശിയായ യുവാവ് മൂന്ന് മാസം മുമ്പ് യുവതിയെയും കുഞ്ഞിനെയും കന്യാകുമാരിയിലെ വീട്ടിലെത്തിച്ച ശേഷം കടന്നു കളയുകയായിരുന്നു. ഇയാൾ ആലപ്പുഴയിലുണ്ടെന്ന് മനസിലാക്കിയാണ് എത്തിയത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ കുറിച്ച് ഇരുവരും തമ്മിൽ വഴക്കിട്ടതായും, കുഞ്ഞിനെ ബലമായി വാങ്ങി പോയതായും, ഇതിനെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യാശ്രമത്തിന് പ്രേരിപ്പിച്ചതെന്നും ഇവർ മൊഴി നൽകി. ഭർത്താവിനെ വിളിച്ച് വരുത്തിയ ശേഷം ദമ്പതികളെ കൗൺസിലിംഗിന് ആലപ്പുഴ വനിത പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. ടൂറിസം എസ്.ഐ പി.ജയറാം, സീനിയർ സി.പി.ഒ സീമ, സി.പി.ഒ വിനു, കോസ്റ്റർ വാർഡൻ റോബിൻ എന്നിവരാണ് യുവതിയെ രക്ഷിച്ചത്.