thamarakulam

ചാരുംമൂട് : വിഷപച്ചക്കറി ചേർക്കാത്ത ഭക്ഷണം വിദ്യാർത്ഥികൾക്ക് വിളമ്പാൻ ഒരുങ്ങി താമരക്കുളം വി.വി.എച്ച് എസ്.എസ്. സ്‌കൂൾ കുട്ടികളുടെ വീടുകളിൽ ഉത്പാദിപ്പിക്കുന്ന നാടൻ കാർഷിക വിഭവങ്ങളും പച്ചക്കറികളും ഇനിമുതൽ പി.ടി.എയുടെ സഹകരണത്തോടെ സ്‌കൂളിലെത്തും. ഓപ്പൺ മാർക്ക​റ്റിൽ നിന്ന് വാങ്ങുന്ന പച്ചക്കറി സ്ഥിരമായി കഴിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് മുന്നിൽ കണ്ടാണ് ഈ പദ്ധതി സ്‌കൂളിൽ നടപ്പാക്കുന്നത്.

സ്‌കൂളിലെ അദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക വനമിത്ര അവാർഡ് ജേതാവും ബാലാവകാശ പ്രവർത്തകനുമായ എൽ.സുഗതനാണ് ഈ ആശയത്തിന് പിന്നിൽ. ഇദ്ദേഹം വളരെ കാലം മുമ്പേ തന്നെ ഈ വിഷയത്തിൽ ഒ​റ്റയാൾ സമരം നടത്തിയിട്ടുണ്ട്. അധികൃതർക്ക് സമർപ്പിച്ച നിരവധി നിവേദനങ്ങളും നൽകിയിരുന്നു. ഇതിനൊരു താത്കാലിക പരിഹാരമായിട്ടാണ് ഇങ്ങനെ ഒരു പദ്ധതി സംസ്ഥാനത്തു തന്നെ ആദ്യമായി സ്‌കൂൾ ഏ​റ്റെടുത്തത്. താമരക്കുളം വി.വി.എച്ച്. .എസ്.എസിൽ നടന്ന ചടങ്ങിൽ സുഗതന്റെ വീട്ടിൽ വിളഞ്ഞ പച്ചക്കറി ഉത്പ്പന്നങ്ങൾ സ്‌കൂൾ ഉച്ചഭക്ഷണ ശാലയിലേക്ക് സംഭാവന ചെയ്തു. സ്‌കൂൾ ഹെഡ്മാസ്​റ്റർ എ. എൻ .ശിവപ്രസാദ് ഇവ ഏ​റ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എസ്.സഫീന സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ജിജി എച്ച്.നായർ മുഖ്യപ്രഭാഷണം നടത്തി. എൽ.സുഗതൻ പദ്ധതി വിശദീകരിച്ചു. അദ്ധ്യാപകരായ ടി.ഉണ്ണിക്കൃഷ്ണൻ, ബി.കെ.ബിജു,എസ്.അജിത് കുമാർ,സി.സന്തോഷ് കുമാർ,പി.ടി.എ എക്സിക്യൂട്ടീവ് അംഗം അനീസ് മാലിക്, എം.എച്ച് .ഗോപകുമാർ മധുരാപുരി എന്നിവർ സംസാരിച്ചു. സ്​റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ നന്ദി പറഞ്ഞു.