മാന്നാർ: കുരട്ടിക്കാട് തേവരിക്കൽ മഹാദേവർ ക്ഷേത്രത്തിൽ ജൂലായ് നാലു മുതൽ 10 വരെ നടക്കുന്ന ഏഴാമത് ശ്രീമഹാരുദ്ര യജ്ഞത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആലുവ തന്ത്രവിദ്യാപീഠത്തിലെ ആചാര്യൻ ഗുരുവായൂർ വേങ്ങേരിമന പദ്മനാഭൻ നമ്പൂതിരിയുടെയും, ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിയുടെയും മുഖ്യകാർമ്മികത്വത്തിലും, കഴന്നൂർ കൃഷ്ണകുമാർ നമ്പൂതിരിയുടെ മേൽനോട്ടത്തിലും പതിനഞ്ചോളം വൈദിക പുരോഹിതരാണ് യജ്ഞം നടത്തുന്നത്.
യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീ പരമേശ്വരവിഗ്രഹവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര(രുദ്രപ്രയാണം) നാളെ രാവിലെ ഏഴിന് മാവേലിക്കര തൃക്കണ്ടിയൂർ ശ്രീമഹാദേവക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിക്കും. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് യജ്ഞവേദിയിൽ പ്രതിഷ്ഠിക്കുവാനുള്ള കൊടിമരവും കൊടിക്കൂറയും ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിക്കും.
ജൂലായ് 3 വൈകിട്ട് 5ന് കൊടിയേറ്റ്, ഭദ്രദീപ പ്രതിഷ്ഠ തുടർന്ന് വൈകിട്ട് 5.30 ന് യജ്ഞസമാരംഭ സഭയുടെ ഉദ്ഘാടനം മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ്ബ് നിർവഹിക്കും. ദീപപ്രോജ്വലനം
സ്വാമിനി ഭവ്യാമൃതപ്രാണാ നിർവഹിക്കും. എ.ഗോപകുമാർ അദ്ധ്യക്ഷനാകും. ചെങ്ങന്നൂർ താലൂക്ക് ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് ജയപ്രകാശ് ചെങ്ങന്നൂർ, സഞ്ജീവനി സേവാസമിതി രക്ഷാധികാരി കെ.ബാലകൃഷ്ണൻനായർ, കൂട്ടമ്പേരൂർ ശുഭാനന്ദാദർശാശ്രമം വൈസ് പ്രസിഡന്റ് ഷാലു, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി അജീഷ് ആർ തുടങ്ങിയവർ പങ്കെടുക്കും.
10ന് രാവിലെ 10നു യജ്ഞത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള വസ്സോർധാര' എന്ന ചടങ്ങ് നടക്കും.
വാർത്താ സമ്മേളനത്തിൽ യജ്ഞസമിതി ചെയർമാൻ ആർ.വെങ്കിടാചലം, ജനറൽ കൺവീനർ രാജേഷ് പി.വി, ഉപദേശക സമിതി പ്രസിഡന്റ് പി.സി ഓമനക്കുട്ടൻ, കോ-ഓഡിനേറ്റർ എച്ച്.അരുൺ, കെ.പ്രസാദ് എന്നിവർ പങ്കെടുത്തു.