മാവേലിക്കര: ബി.ജെ.പി സമരം അഴിമതിക്കാരെ സംരക്ഷിക്കുവാനെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ആരോപിച്ചു. താത്കാലിക ജീവനക്കാരിയുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് കാലാവധി നീട്ടി നൽകുന്നതു സംബന്ധിച്ചുള്ള അജണ്ട ചർച്ചയ്ക്ക് വന്നപ്പോൾ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ഫയലിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി രേഖപ്പെടുത്തിയത് ചർച്ച ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തു വർഷമായി താത്കാലിക ജോലി ചെയ്യുന്ന ആളിന്റെ കാലാവധി നീട്ടി നൽകേണ്ടതില്ലാന്നുള്ള ഭൂരിപക്ഷ തീരുമാനം ചെയർമാൻ കൗൺസിലിൽ പ്രഖ്യാപിക്കുകയായിരുന്നു. തുടർന്നുള്ള അജണ്ട ചർച്ച ചെയ്യാൻ കഴിയാത്ത വിധം കൗൺസിൽ അലങ്കോലപ്പെടുത്തുകയും സമരം നടത്തിയവർ ചെയർമാൻ അഴിമതിക്കാരനെന്ന് ആരോപിച്ച് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു പറഞ്ഞു. ലീഡർ നൈനാൻ സി.കുറ്റിശ്ശേരിൽ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ, നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, വൈസ് ചെയർപേഴ്സൺ ലളിതാ രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ.ഗോപൻ, സെക്രട്ടറി അനിവർഗീസ്, ഡെപ്യൂട്ടി ചെയർമാൻ സജീവ് പ്രായിക്കര, ട്രഷറർ എസ്.കൃഷ്ണകുമാരി, ശാന്തി അജയൻ, ലത മുരുകൻ, മനസ് രാജൻ എന്നിവർ സംസാരിച്ചു.