മാവേലിക്കര:നഗരസഭയിലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ മാവേലിക്കര നഗരസഭാ കവാടത്തിൽ റിലെ സത്യാഗ്രഹ സമരം ആരംഭിച്ചു. സമരം ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും കെടുകാര്യസ്ഥത ഉള്ള തദ്ദേശ ഭരണ സ്ഥാപനമായി മാവേലിക്കര നഗരസഭയെ മാറ്റിയതിന് പിന്നിൽ പിൻസീറ്റ് ഡ്രൈവർമാരായ ചില യു.ഡി.എഫ്, എൽ.ഡി.ഫ് നേതാക്കളാണെന്നും, ആ കെടുകാര്യസ്ഥതയുടെ തെളിവാണ് ജനപ്രതിനിധി സഭയായ കൗൺസിലിൽ കയറി ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് കാണിച്ച ധൈര്യം എന്നും സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. നഗരസഭാ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എച്ച്.മേഘനാഥ് അദ്ധ്യക്ഷനായി. റിലേ സത്യാഗ്രഹത്തിന്റെ ഒന്നാം ദിവസം കൗൺസിലർമാരായ ഗോപൻ സർഗ, ജയശ്രീ അജയകുമാർ, വിജയമ്മ ഉണ്ണികൃഷ്ണൻ എന്നിവർ സമരം നയിച്ചു. യോഗത്തിൽ മാവേലിക്കര മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത്, ജില്ലാ വൈസ് പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രൻ, മണ്ഡലം ഭാരവാഹികളായ മോഹൻകുമാർ, സുധീഷ് ചാങ്കൂർ, ജീവൻ ചാലിശേരിൽ, ഏരിയാ ഭാരവാഹികളായ സുജിത്ത്.ആർ പിള്ള, അഭിലാഷ് വിജയൻ, വിനീത് ചന്ദ്രൻ കൗൺസിലർമാരായ ഉമയമ്മ വിജയകുമാർ, സുജാതാ ദേവി, എസ്.രാജേഷ് സബിത അജിത്ത്, ആർ.രേഷ്മ എന്നിവർ സംസാരിച്ചു.