s

ആലപ്പുഴ : വഴിച്ചേരിയിൽ പുതിയ ആധുനിക അറവുശാല നിർമ്മാണത്തിന് വിശദ പദ്ധതിരേഖ (ഡി.പി.ആർ) ഒരുമാസത്തിനുള്ളിൽ സമർപ്പിക്കാൻ ശുചിത്വമിഷനെ നഗരസഭ ചുമതലപ്പെടുത്തി. നിലവിൽ വഴിച്ചേരിയിൽ പ്രവർത്തന രഹിതമായി കിടക്കുന്ന ആധുനിക അറവുശാലയ്ക്കായി നിർമ്മിച്ച കെട്ടിടവും കോമ്പൗണ്ടിൽ സ്ഥാപിച്ചിട്ടുള്ള ബയോഗ്യാസ് പ്ളാന്റും ഉൾപ്പെടെയുള്ള ഭൗതിക സാഹചര്യം പ്രയോജനപ്പെടുത്തിയായിരിക്കും ഡി.പി.ആർ തയ്യാറാക്കുക.

നിലവിലുള്ള കെട്ടിടം,സ്ഥലം എന്നിവയുടെ വിശദമായ പ്ളാൻ തയ്യാറാക്കി ശുചിത്വമിഷന് സമർപ്പിക്കാൻ തൃശൂർ എൻജിനീയറിംഗ് കോളേജിലെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സംഘം തിങ്കളാഴ്ച വഴിച്ചേരിയിൽ നിലവിലുള്ള അറവുശാലയിലെത്തി വിവര ശേഖരണം നടത്തും. ഒരാഴ്ചക്കുള്ളിൽ പ്ളാൻ തയ്യാറാക്കി ശുചിത്വമിഷന് കൈമാറും. ഇതിനുശേഷം പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടെയുള്ള ഏജൻസികളുടെ അനുമതിയോടെ ഡി.പി.ആർ തയ്യാറാക്കി സഗരസഭക്ക് നൽകും. തുടർന്ന് കൗൺസിൽ അംഗീകാരം നൽകിയ ശേഷം പദ്ധതിയിൽ ഉൾപ്പെടുത്തി പ്ളാനിംഗ് ബോർഡിന്റെ അംഗീകാരം വാങ്ങും. ഈ സാമ്പത്തികവർഷം തന്നെ നിർമ്മാണം ആരംഭിക്കുകയാണ് ലക്ഷ്യം.

പ്രതീക്ഷ ഈ കൗൺസിലിൽ

ഒരു കോടിയോളം രൂപ ചെലവഴിച്ച് 2009ൽ വഴിച്ചേരിയിൽ ആധുനിക അറവുശാലയ്ക്കായി നിർമ്മിച്ച കെട്ടിടത്തിന്റെ കോമ്പൗണ്ടിൽ പ്ലാസ്റ്റിക് മാലിന്യത്തിന്റെ വേർതിരിക്കലാണ് ഇപ്പോൾ നടക്കുന്നത്. അറവുമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ സ്വീകരിച്ച പദ്ധതികൾ പരാജയപ്പെട്ടതോടെയാണ് ഈ അറവുശാല അടച്ചു പൂട്ടിയത്. ഇതിനുശേഷം നഗരസഭയിൽ ഭരണം നടത്തിയ ഇടത്,വലതു മുന്നണികൾ അറവു ശാല പ്രവർത്തിപ്പിക്കുന്നതിൽ കാര്യമായ ഇടപെടൽ നടത്തിയില്ല. ഇപ്പോഴത്തെ കൗൺസിലിലാണ് ഇനി നഗരവാസികളുടെ പ്രതീക്ഷ. കിഫ്ബി വഴി പുതിയ അറവുശാല നിർമ്മിക്കാൻ പദ്ധതിയിട്ടെങ്കിലും പരിസ്ഥിതി മലിനികരണ നിയന്ത്രണബോർഡിന്റെയും മനുഷ്യാവകാശ കമ്മിഷന്റെയും ഇടപെടൽ കാരണം മുടങ്ങി. അറവുശാല ഇല്ലാത്തതിനാൽ പറമ്പുകളിലും മറ്റുമാണ് ഇപ്പോൾ നഗരത്തിൽ മാടുകളെ കശാപ്പ് ചെയ്യുന്നത്.

പ്രതിസന്ധിയുടെ തുടക്കം

50 കാലികളെ കശാപ്പ് ചെയ്യാനും മാലിന്യം സംസ്‌കരിക്കാനുമുള്ള സൗകര്യം ഒരുക്കിയ ആധുനിക അറവുശാലയിൽ ദിവസേന 150 കാലികളെ വരെ കശാപ്പ് ചെയ്യാൻ തുടങ്ങിയതോടെയാണ് പ്രതിസന്ധിക്ക് തുടക്കമായത്. കശാപ്പ് മാലിന്യം ശേഖരിക്കാനും സംഭരിക്കാനും ആവശ്യമായ സ്ഥല സൗകര്യമില്ലായിരുന്നതും വെറ്ററിനറി സർജൻമാരുടെ സേവനമില്ലാതിരുന്നതും തടസമായി. തുടർന്ന് അറവുശാലയ്ക്ക് താഴുവീണു.

"സ്ഥലക്കുറവ് ഉൾപ്പെടെയുള്ള പ്രതിസന്ധി പരിഹരിച്ച് ഈ സാമ്പത്തിക വർഷം ആധുനിക അറവുശാല നിർമ്മിക്കുന്നതിന് തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നത്.

- സൗമ്യ രാജ്, ചെയർപേഴ്സൺ, നഗരസഭ