
മാന്നാർ : ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കർഷകസഭയും ഞാറ്റുവേല ചന്തയും മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ് ഉദ്ഘാടനം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. 'ഞങ്ങളും കൃഷിയിലേക്ക്, ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി" പ്രകാരം മാന്നാർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, മാന്നാർ കൃഷിഭവൻ, കുടുംബശ്രീ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മാന്നാർ അസി.എൻജിനീയറുടെ കാര്യാലയം, പെർഫോർമൻസ് ഓഡിറ്റ് ജീവനക്കാർ എന്നിവർ ചേർന്ന് ഓണത്തിന് വിളവെടുക്കുന്നതിനായി 'ഹരിതം ജീവനം' എന്ന പേരിൽ മാന്നാർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ ചെടിച്ചട്ടികളിൽ പച്ചക്കറിക്കൃഷി ചെയ്യുന്നതിന്റെ വിത്ത് നടീൽ ടി.വി.രത്നകുമാരി നിർവഹിച്ചു. കൃഷി ഓഫീസർ പി.സി ഹരികുമാർ സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ്കമ്മിറ്റി അദ്ധ്യക്ഷ വത്സല മോഹൻ മുഖ്യ പ്രഭാഷണംനടത്തി. ജില്ലാപഞ്ചായത്തംഗം ജി.ആതിര വാഴവിത്തുകൾ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.കെ പ്രസാദ് നാടൻ പച്ചക്കറിവിത്തുകളുടെ വിതരണോദ്ഘാടനം നടത്തി. ജൈവകൃഷി പദ്ധതി പ്രകാരം എഫ്.ഐ.ജി ഗ്രൂപ്പ് നിർമ്മിച്ച സമ്പുഷ്‌ടീകരിച്ച ചാണകപ്പൊടി (ട്രൈക്കോഡെർമ ചേർത്തത്) വിതരണോദ്ഘാടനം പഞ്ചായത്ത് വികസനകാര്യ സമിതി അദ്ധ്യക്ഷ ശാലിനി രഘുനാഥ് നിർവഹിച്ചു. ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ സലിം പടിപ്പുരയ്ക്കൽ, കാർഷിക വികസന സമിതി അംഗങ്ങളായ രഘുനാഥ്, കെ.ജെ തോമസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിജു കെ.പി, സി.ഡി.എസ് ചെയർപേഴ്‌സൺ ഗീത ഹരിദാസ് എന്നിവർ സംസാരിച്ചു. അസി.കൃഷി ഓഫീസർ അമൃത ലിപി നന്ദി പറഞ്ഞു.