
തുറവൂർ: മാളികപ്പുറത്തമ്മ സങ്കൽപ്പത്തിലുള്ള അത്യപൂർവം ക്ഷേത്രസങ്കേതങ്ങളിൽ ഒന്നായ വളമംഗലം തെക്ക് വടേക്കുറ്റ് ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയും സഹസ്രകലശവും ഭക്തിനിർഭരമായി. ക്ഷേത്രം തന്ത്രി തുറവൂർ പൊന്നപ്പൻ തന്ത്രിയുടെയും കായംകുളം വിഷ്ണു ശർമ്മയുടെയും മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങുകൾ ദർശിക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് ഭക്തരാണ് ക്ഷേത്രാങ്കണത്തിലെത്തിയത്. ദേവ പ്രശ്നപ്രകാരം പുനർനിർമ്മിച്ച സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും ദുർഗാ ദേവിക്ക് പുതിയതായി പണികഴിപ്പിച്ച കോവിലിൽ പ്രതിഷ്ഠയും തന്ത്രിമാർ ചേർന്ന് നിർവഹിച്ചു. ഭഗവതി കോവിലിലും ശാസ്താകോവിലിലും മറ്റു ഉപദേവതാ ക്ഷേത്രങ്ങളിലും അഷ്ടബന്ധ നവീകരണവും ഭഗവതിക്ക് സഹസ്രകലാശാഭിഷേകവും നടത്തി. പുന:പ്രതിഷ്ഠാചടങ്ങുകളിൽ കാര്യമാത്ര വിജയൻ തന്ത്രി ഉൾപ്പടെ നിരവധി തന്ത്രികാചാര്യൻമാർ പങ്കെടുത്തു.