sonia-rahul

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് പത്രം നടത്തിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എൻഫോഴ്സ്‌മെന്റ് നോട്ടീസ്.

പത്രത്തിന്റെ പ്രസാധകരായിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിന്റെ ബാദ്ധ്യതകളും ഓഹരികളും യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. സോണിയയും രാഹുലും യങ് ഇന്ത്യ കമ്പനി ഡയറക്ടർമാരാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇരുവരുടെയും മൊഴിയെടുക്കാനാണ് നോട്ടീസ് അയച്ചത്.

രാഹുൽ ഇന്നും സോണിയ ജൂൺ 8 നും ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടത്. വിദേശത്തായതിനാൽ ജൂൺ 5 ന് ശേഷം ഹാജരാകാമെന്ന് രാഹുൽ അറിയിച്ചിട്ടുണ്ട്. കേസിൽ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവരെ ഏപ്രിലിൽ ഇ. ഡി ചോദ്യം ചെയ്‌തിരുന്നു.

ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി 2013 ൽ നൽകിയ പരാതിയിൽ ആദായ നികുതിവകുപ്പാണ് അന്വേഷണം ആരംഭിച്ചത്‌. 2014ലാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം തുടങ്ങിയത്.

കളിപ്പാവകളായ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.

ഹെറാൾഡ് കേസിന്റെ നാൾവഴി

2008ൽ 90കോടി രൂപയുടെ കടവുമായി നാഷണൽ ഹെറാൾഡ് അടച്ചു പൂട്ടി.

പത്രം പുനരുജ്ജീവിപ്പിക്കാൻ പ്രസാധകരായ അസോസിയേറ്റഡ് ജേർണൽസിന് (എ.ജെ.എൽ) കോൺഗ്രസ് 90 കോടി രൂപ പലിശരഹിത വായ്പയായി നൽകി.

പത്രത്തെ രക്ഷിക്കാനായില്ല. കോൺഗ്രസിന്റെ കടം വീട്ടാനും കഴിഞ്ഞില്ല

2010ൽ സോണിയയ്‌ക്കും രാഹുലിനും 76 ശതമാനം ഓഹരിയുമായി യംഗ് ഇന്ത്യൻ കമ്പനി സ്ഥാപിച്ചു.

കോൺഗ്രസ് നൽകിയ 90 കോടി വായ്പ യംഗ് ഇന്ത്യന്റെ പേരിലാക്കി. അപ്പോൾ എ.ജെ.എൽ പണം യംഗ് ഇന്ത്യന് നൽകണമെന്ന് വന്നു.

പണം നൽകാനില്ലാത്ത എ.ജെ.എൽ അതിന്റെ ഓഹരികൾ 50 ലക്ഷം രൂപയ്ക്ക് യംഗ് ഇന്ത്യന് കൈമാറി.

അതോടെ കമ്പനിയുടെ 2000 കോടി മൂല്യമുള്ള ആസ്തികൾ യംഗ് ഇന്ത്യന് സ്വന്തമായി

ഇങ്ങനെ എ.ജെ.എൽനെ യംഗ് ഇന്ത്യൻ ഏറ്റെടുത്തതിൽ കള്ളപ്പണം വെളുപ്പിക്കലും ചതിയും ഗൂഢാലോചനയും വിശ്വാസവഞ്ചനയും നടന്നു എന്നാണ് സുബ്രഹ്മണ്യം

സ്വാമിയുടെ പരാതിയിൽ പറയുന്നത്.