
ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിക്ക് ഉപതിരഞ്ഞെടുപ്പിൽ 55,000ലേറെ വോട്ടിന്റെ റെക്കാഡ് വിജയം. ചമ്പാവത്ത് മണ്ഡലത്തിലെ ആകെ വോട്ടിൽ (58,258) 92ശതമാനവും നേടിയതിനാൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർമ്മലാ ഘട്ടോരി (3233) അടക്കം എതിരാളികൾക്ക് കെട്ടിവച്ച പണം പോയി. പൊതുതിരഞ്ഞെടുപ്പിൽ തോറ്റിട്ടും ധാമിയെ കൈവിടാതിരുന്ന ബി.ജെ.പി നേതൃത്വത്തിന് ഏറെ നിർണ്ണായകമായിരുന്നു ചമ്പാവത്തിലെ ഫലം.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ മികച്ച ലീഡ് ഉറപ്പിച്ച ധാമി ഒരു ഘട്ടത്തിലും പിന്നാക്കം പോയില്ല. പൊതുതിരഞ്ഞെടുപ്പിൽ പാർട്ടി ഭൂരിപക്ഷം നേടിയെങ്കിലും ഖാതിമയിൽ കോൺഗ്രസിന്റെ ഭുവൻചന്ദ്ര കാപ്രിയോട് പരാജയപ്പെട്ട ധാമി മാർച്ച് 23ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ആറുമാസത്തിനകം നിയമസഭാംഗമാകണമെന്ന ചട്ടം പാലിക്കാൻ ചമ്പാവത്തിൽ നേരത്തെ ജയിച്ച കൈലാസ് ചന്ദ്ര ഖട്ടോരിയെ രാജിവയ്‌പിച്ചാണ് ധാമി മത്സരിച്ചത്. വിജയം അനിവാര്യമായതിനാൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അടക്കം കൊണ്ടുവന്ന് ബി.ജെ.പി പ്രചാരണം കൊഴുപ്പിക്കുകയും ചെയ്‌തു. ധാമിയെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി.
ബ്രജരാജനഗറിൽ അന്തരിച്ച
എം.എൽ.എയുടെ ഭാര്യക്ക് ജയം
അസംബ്ളി ഉപതിരഞ്ഞടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ഒഡീഷയിലെ ബ്രജരാജനഗറിൽ ഭരണകക്ഷിയായ ബി.ജെ.ഡിയുടെ അലാക്ക മൊഹന്തി 56,269ൽ പരം വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർത്ഥി കിഷോർചന്ദ്ര പട്ടേലിനെ പരാജയപ്പെടുത്തി. ബി.ജെ.പി സ്ഥാനാർത്ഥി രാധാറാണി പാണ്ഡ മൂന്നാം സ്ഥാനത്തായി. ബ്രിജരാജനഗറിൽ ബി.ജെ.ഡി എം.എൽ.എയായിരുന്ന കിഷോർ മൊഹന്തി ഡിസംബറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൊഹന്തിയുടെ ഭാര്യയാണ് ജയിച്ച അലാക്ക മൊഹന്തി.