
ന്യൂഡൽഹി: എല്ലാ പള്ളികളിലും ശിവലിംഗം തെരയരുതെന്ന ആർ.എസ്.എസ് സർ സംഘചാലക് മോഹൻ ഭാഗവതിന്റെ പ്രസ്‌താവന, വിഷയങ്ങൾ കുത്തിപ്പൊക്കി വിവാദമാക്കി നരേന്ദ്രമോദി സർക്കാരിന് തലവേദനയുണ്ടാക്കുന്ന ചില തീവ്ര ഹിന്ദു സംഘടനകളെ നിലയ്ക്ക് നിറുത്താനാണെന്ന് സൂചന. അയോദ്ധ്യയുമായി താരതമ്യം ചെയ്ത് ഗ്യാൻവാപി, മധുര പള്ളി വിഷയങ്ങൾ ചില ഹിന്ദു സംഘടനകൾ വഷളാക്കുന്നുവെന്നാണ് ആർ.എസ്.എസിന്റെ വിലയിരുത്തൽ.
ഗുരുഗ്രാമിലെ പള്ളിയിലെ പ്രാർത്ഥന, ഡൽഹിയിലെ വിദ്വേഷ പ്രസംഗം, കുത്തബ് മിനാർ,താജ്മഹൽ വിവാദങ്ങൾ തുടങ്ങിയവയ്ക്കൊന്നും ആർ.എസ്.എസ് പിന്തുണയില്ല. മോദി സർക്കാർ ഭരണത്തിലുണ്ടെന്ന ബലത്തിൽ ഹിന്ദുത്വം പറഞ്ഞ് ഇത്തരം സംഘടനകൾ എന്തും ചെയ്യുന്ന സ്ഥിതിയുണ്ടെന്നും ആർ.എസ്.എസ് കരുതുന്നു.
2025ൽ നൂറാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന ആർ.എസ്.എസ്, വിവിധ സമുദായങ്ങളുടെ വിശ്വാസം സംരക്ഷിച്ച് ഇന്ത്യയിലെ മുഴുവൻ ആളുകളെയും സാംസ്കാരികമായി ഒന്നിപ്പിക്കുക എന്ന ആശയം മുന്നോട്ടു വയ്‌ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മോഹൻ ഭാഗവതിന്റെ പ്രസ്‌താവന ശ്രദ്ധേയമാകുന്നത്. തങ്ങൾ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ മോദി സർക്കാർ അധികാരത്തിലുണ്ടാകണമെന്നും ആർ.എസ്.എസ് ആഗ്രഹിക്കുന്നു.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ ബി.ജെ.പി തുടങ്ങിക്കഴിഞ്ഞു. അതിനാൽ മോദി സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്നതൊന്നും ആർ.എസ്.എസിൽ നിന്നുണ്ടാകരുതെന്നും ഭാഗവതിന് നിർബന്ധമുണ്ട്. തീവ്ര നിലപാടുള്ള പ്രവീൺ തൊഗാഡിയയെ പോലും മോദിക്കു വേണ്ടി ആർ.എസ്.എസ് കൈയൊഴിഞ്ഞു.
ആർ.എസ്.എസിൽ ഒരുവിഭാഗം എതിർക്കുന്നെങ്കിലും പൊതുവേ മറ്റു സമുദായങ്ങളോട് സമന്വയത്തിന്റെ പാത സ്വീകരിക്കുന്ന
ആളാണ് ഭാഗവത്. ഓരോ പുതിയ കാര്യം പുറത്ത് കൊണ്ടുവന്ന് തർക്കം വർദ്ധിപ്പിക്കരുതെന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം നാഗ്പൂരിൽ ആർ.എസ്.എസിന്റെ തൃതീയ വർഷ സംഘശിക്ഷാവർഗിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കവേ മോഹൻ ഭാഗവത് പറഞ്ഞത്. ഗ്യാൻവാപി പള്ളി തർക്കം ഇരു വിഭാഗവും പരസ്പര ധാരണയോടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
''
ഒരു ആരാധനാരീതിയോടും ഞങ്ങൾക്ക് എതിർപ്പില്ല. എല്ലാം വിശുദ്ധമായി കണക്കാക്കുന്നു. മുസ്ളീങ്ങളും ഇന്ത്യൻ സംസ്കാരത്തിന്റെ പിന്തുടർച്ചക്കാരാണ്.
- മോഹൻ ഭാഗവത്