
ന്യൂഡൽഹി: ഇടതു സർക്കാരിന്റെ ദുർഭരണത്തിനും അഹങ്കാരത്തിനും ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണ് തൃക്കാക്കരയിൽ കണ്ടതെന്ന് എ.ഐ.സി. സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പറഞ്ഞു..
ഭരണ സംവിധാനം മുഴുവൻ ദുരുപയോഗം ചെയ്ത് പ്രചരണം നയിച്ച മുഖ്യമന്ത്രി പരാജയത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം. വികസനത്തിന്റെ പേരിൽ സർക്കാർ നടത്തുന്ന തട്ടിപ്പുകളെ ജനം തിരസ്ക്കരിച്ചതിന്റെ തെളിവാണ് തിരഞ്ഞെടുപ്പു ഫലം. പി ടി തോമസ് മുറുകെ പിടിച്ച നിലപാടുകൾക്കും തുടങ്ങി വച്ച വികസന മുന്നേറ്റങ്ങൾക്കുമുള്ള അംഗീകാരം കൂടിയാണ് ഉമയുടെ വിജയം. ഇടതു സർക്കാരിന്റെ വിലയിരുത്തലാണ് തൃക്കാക്കരയിൽ നടന്നത്. മുഖ്യമന്ത്രിക്കും ഇടതു സർക്കാരിനുമെതിരേ സംസ്ഥാനത്തു നിലനിൽക്കുന്ന ശക്തമായ ജനരോഷമാണ് തൃക്കാക്കരയിൽ പ്രതിഫലിച്ചത്. ബി.ജെ. പി ക്ക് കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന ജനങ്ങളുടെ പ്രഖ്യാപനം കൂടിയാണ് ഈ ഫലം.