
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി പുതിയ ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങൾ പുറത്തിറക്കി. 'ആസാദി കാ അമൃത് മഹോത്സവ്' മുദ്രയുള്ള നാണയങ്ങളാണിത്. കാഴ്ച പരിമിതർക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകും. ധന, കോർപ്പറേറ്റ്‌കാര്യ മന്ത്രാലയങ്ങളുടെ ആസാദി കാ അമൃത് മഹോത്സവ് വാരാഘോഷം ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാണയങ്ങൾ പുറത്തിറക്കിയത്.
സർക്കാർ വായ്‌പാ പദ്ധതികൾക്കുള്ള ‘ജൻ സമർഥ് പോർട്ടലി’നും പ്രധാനമന്ത്രി തുടക്കം കുറിച്ചു. രണ്ടു മന്ത്രാലയങ്ങളുടെയും എട്ടുവർഷത്തെ പ്രവർത്തനങ്ങൾ വിവരിക്കുന്ന ഡിജിറ്റൽ പ്രദർശനവും ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വപ്‌നങ്ങൾക്ക് പുതിയ ഊർജം പകരാനും സ്വയം അർപ്പിക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ എട്ടു വർഷത്തിനിടെ പൊതുജന പങ്കാളിത്തം രാജ്യത്തിന്റെ വികസനത്തിന് ആക്കം കൂട്ടി.
പൗരൻമാർക്ക് ഇല്ലായ്മയുടെ മാനസികാവസ്ഥയിൽ നിന്നു പുറത്തുവന്ന് വലിയ സ്വപ്നങ്ങൾ കാണാനായി. നേരത്തെ, പദ്ധതികൾക്കായി ജനങ്ങൾക്ക് സർക്കാരിനെ സമീപിക്കണമായിരുന്നു. ഇപ്പോൾ ഊന്നൽ നൽകുന്നത് ഭരണം ജനങ്ങളിലെത്തിക്കാനും നടപടിക്രമങ്ങളുടെ നൂലാമാലകൾ കുറയ്ക്കാനുമാണ്. ‘ജൻ സമർഥ് പോർട്ടൽ’ ഈ ദിശയിൽ ഒരു പ്രധാന ചുവടുവയ്പാണ്. വിദ്യാർത്ഥികൾ, കർഷകർ, വ്യവസായികൾ, എം.എസ്.എം.ഇ സംരംഭകർ എന്നിവരുടെ ജീവിതം മെച്ചപ്പെടുത്താൻ പോർട്ടൽ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.