
ന്യൂഡൽഹി: വരുമാനക്കമ്മി നികത്താനുള്ള ധനസഹായത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര ധനമന്ത്രാലയം കേരളമടക്കം 14 സംസ്ഥാനങ്ങൾക്ക് 7,183.42 കോടി അനുവദിച്ചു. കേരളത്തിന് 1,097.83 കോടി ലഭിക്കും. 1,132 കോടി രൂപ ലഭിച്ച പശ്ചിമ ബംഗാൾ കഴിഞ്ഞാൽ കൂടുതൽ വിഹിതം കേരളത്തിനാണ്. ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരമാണ് സഹായം.
റവന്യു കമ്മി ഗ്രാന്റ് ഇനത്തിൽ 2022-23 വർഷത്തിൽ 86,201 കോടി രൂപയാണ് ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്തത്. 12 ഗഡുക്കളായി നൽകണം. ഇതിൽ 21,550.25 കോടി അനുവദിച്ചു. കേരളത്തിന് ആകെ ലഭിക്കുക 13,174 കോടിയും. ഇതുവരെ 3293.50 കോടി രൂപ കിട്ടി.
ആന്ധ്ര, അസാം, ഹിമാചൽപ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കും ഇന്നലെ ഗ്രാന്റ് അനുവദിച്ചു.
പ്രതിസന്ധിയിൽ
ചെറിയൊരാശ്വാസം
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാടുപെടുന്ന കേരളത്തിന് ഇന്നലെ 1097.83 കോടി രൂപ ലഭിച്ചത് ആശ്വാസമായി. സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ വായ്പാനുമതി നിഷേധിക്കുകയും പിന്നീട് അയ്യായിരം കോടിയുടെ താത്കാലികാനുമതി മാത്രം നൽകുകയും ചെയ്തപ്പോൾ കേരളം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയതാണ്. ശമ്പളവും പെൻഷനും മുടങ്ങുമോ എന്നുപോലും ആശങ്കപ്പെട്ടു. സഹകരണ ബാങ്കുകളിൽ നിന്നുൾപ്പെടെ വായ്പയെടുക്കൻ ബദൽ നീക്കവും സർക്കാർ തുടങ്ങി. ഇതിനിടെയാണ് ജി.എസ്.ടി നഷ്ടപരിഹാര കുടിശിക 5693 കോടി രൂപ ലഭിച്ചത്. എന്നാൽ, ജി.എസ്.ടി നഷ്ടപരിഹാരം ഇൗ മാസത്തോടെ നിറുത്തുമെന്നാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കിൽ സംസ്ഥാനത്തിന്റെ നില വീണ്ടും പരുങ്ങലിലാകും. ട്രഷറിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും അത്യാവശ്യമല്ലാത്ത ചെലവുകൾ വെട്ടിക്കുറച്ചുമൊക്കെയാണ് പിടിച്ചുനിൽക്കുന്നത്.