
ന്യൂഡൽഹി: കൊവിഡ് മഹാമാരിക്ക് ശേഷം ചെറുപ്പക്കാരിൽ ടൈപ്പ് -1 പ്രമേഹം കൂടുന്ന സാഹചര്യത്തിൽ ഐ.സി.എം.ആർ പ്രതിരോധത്തിനുള്ള മാർഗരേഖ പുറത്തിറക്കി. രോഗികൾ ചെറുപ്പക്കാരായതിനാൽ അവരുടെ പരിചരണത്തിൽ ഡോക്ടർമാരുടെ അടക്കം പങ്ക് വിശദീകരിക്കുന്നുണ്ട്. 25-35 പ്രായക്കാരിൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ടൈപ്പ്-1 പ്രമേഹ രോഗികൾ 150 ശതമാനം വർദ്ധിച്ചെന്നാണ് കണക്ക്. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളുടെ എണ്ണം കുറയുന്നതാണ് പ്രമേഹത്തിന് ഇടയാക്കുന്നത്.
മാർഗരേഖയിൽ പ്രധാനപ്പെട്ടത്:
ശരീര ഭാരം, രക്തസമ്മർദ്ദം, ലിപിഡ് നിരക്ക് എന്നിവ കൂടാതെ നോക്കുക
ആവശ്യമായ പോഷകാഹാരം ഉറപ്പാക്കുക
കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവർ അളവ് നിയന്ത്രിക്കുക. സ്ഥിരമായ വ്യായാമം.
ടൈപ്പ് 1 പ്രമേഹം കണ്ടെത്തിയ കുട്ടികളിൽ ഉടൻ ഇൻസുലിൻ ചികിത്സ.
ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾ ഭക്ഷണത്തിന് മുമ്പും കിടക്കുന്നതിന് മുമ്പും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി രേഖപ്പെടുത്തണം.